റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം നിരവധി സുപ്രധാന തീരൂമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്ന കരാറുകള്‍ക്കും പുതിയ നിയമനിര്‍മാണങ്ങള്‍ക്കും യോഗത്തില്‍ അനുമതി ലഭിച്ചു.
സഭാ നടപടികളുടെ തുടക്കത്തില്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ശറാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ കിരീടാവകാശി കൗണ്‍സിലിനെ അറിയിച്ചു. കൂടാതെ സിയറ ലീയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ അയച്ച സന്ദേശത്തെക്കുറിച്ചും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോട്ടാക്കിസ് എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു.
മേഖലാ-അന്താരാഷ്ട്ര തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സൗദി അറേബ്യയുടെ പൂര്‍ണ പിന്തുണ മന്ത്രിസഭ ആവര്‍ത്തിച്ചു. ചെങ്കടല്‍, ബാബ് അല്‍ മന്ദബ്, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളിലെ സമുദ്ര നാവിക ഗതാഗതത്തിന്റെയും ജലപാതകളുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ പൊതു ധാരണാപത്രത്തില്‍ ഒപ്പുവെച്ച നടപടിയെ കൗണ്‍സില്‍ സ്വാഗതം ചെയ്തതായി മാധ്യമ മന്ത്രി സല്‍മാന്‍ ബിന്‍ യൂസഫ് അല്‍ ദോസരി അറിയിച്ചു. എട്ടാമത് ഹജ്ജ് സമ്മേളനത്തിന്റെയും എക്‌സിബിഷന്റെയും ഉദ്ഘാടന വേളയില്‍ സല്‍മാന്‍ രാജാവ് നടത്തിയ പ്രസംഗത്തെ കൗണ്‍സില്‍ പ്രശംസിച്ചു. 133 രാജ്യങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന 'ഡയറക്ട് ഹജ്ജ്' പ്രോഗ്രാമിന്റെ സേവനങ്ങള്‍ വിപുലീകരിച്ചതും ഹജ്ജ് തീര്‍ഥാടന രംഗത്ത് നടപ്പിലാക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളും യോഗം വിലയിരുത്തി.
പ്രധാന തീരുമാനങ്ങള്‍:
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് സൗദി മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കി.
സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇളവ്: വിദേശത്ത് പഠിക്കുന്ന സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, ഒപ്പമുള്ള കുടുംബാംഗങ്ങള്‍ എന്നിവര്‍ കൊണ്ടുവരുന്ന വാഹനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി, വാറ്റ് (VAT), ഫിനാന്‍ഷ്യല്‍ ഫീ എന്നിവ സര്‍ക്കാര്‍ വഹിക്കും.
ഊര്‍ജ കരാര്‍: സൗദി ഊര്‍ജ മന്ത്രാലയവും തെക്കന്‍ കൊറിയന്‍ വാണിജ്യ-വ്യവസായ-വിഭവ മന്ത്രാലയവും തമ്മില്‍ എണ്ണ, വാതക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിന് അംഗീകാരം.
വിസ ഇളവ്: സൗദിയും പോര്‍ച്ചുഗലും തമ്മില്‍ ഡിപ്ലോമാറ്റിക്, സ്‌പെഷ്യല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എന്‍ട്രി വിസ ഒഴിവാക്കുന്ന കരാറിന് അനുമതി.
തൊഴില്‍-ഡിജിറ്റല്‍ മേഖല: ജോര്‍ദാന്‍, സിറിയ എന്നിവരുമായി വാര്‍ത്താവിനിമയ-ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ സഹകരണ കരാറിനും ജോര്‍ദാനുമായി തൊഴില്‍ നൈപുണ്യ വികസന ധാരണാപത്രത്തിനും അംഗീകാരം നല്‍കി.
റെയില്‍വേ സഹകരണം: തുര്‍ക്കിയെയുമായി റെയില്‍വേ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിന് അംഗീകാരം നല്‍കി. കൂടാതെ ബംഗ്ലാദേശുമായി നിക്ഷേപ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള ധാരണാപത്രത്തിലും സൈപ്രസുമായി സമുദ്രകാര്യ സഹകരണത്തിലും ഒപ്പുവെക്കാന്‍ തീരുമാനമായി.
Related News