റിയാദ്: നഗരം നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി സൗദി ശൂറാ കൗണ്‍സില്‍ 'റിയാദിലെ ഗതാഗതക്കുരുക്ക്: യാഥാര്‍ത്ഥ്യവും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ചര്‍ച്ചാ സെഷന്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സി പ്രതിനിധികളും ശൂറാ കൗണ്‍സില്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍, ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ എന്നിവ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.
വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി റിയാദ് നഗരം കൈവരിച്ച ദ്രുതഗതിയിലുള്ള സാമ്പത്തിക-നഗര വളര്‍ച്ചയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കര്‍ ഡോ. ഹനാന്‍ അല്‍ അഹ്‌മദി ചൂണ്ടിക്കാട്ടിയത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനും ശാശ്വതവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായി നടന്ന യോഗത്തില്‍ പ്രമുഖ ഉദ്യോഗസ്ഥര്‍ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ശൂറാ കൗണ്‍സില്‍ അംഗം ഫൈസല്‍ അല്‍ ബവാര്‍ദി അധ്യക്ഷത വഹിച്ച ഒന്നാം സെഷനില്‍, ഗതാഗത-സാങ്കേതിക സമിതി വൈസ് ചെയര്‍മാന്‍ ഈസ അല്‍ ഒതൈബി കൗണ്‍സിലിന്റെ നിയമനിര്‍മ്മാണ പങ്കിനെക്കുറിച്ച് സംസാരിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പങ്കാളികളുമായുള്ള ഏകോപനത്തെക്കുറിച്ചും പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി വിശദീകരിച്ചു.
അല്‍ ജൗഹറ ബിന്ത് ഫഹദ് അധ്യക്ഷത വഹിച്ച രണ്ടാം സെഷനില്‍, റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ പ്രതിനിധി ഹസ്സന്‍ അല്‍ മൂസ റിയാദിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുള്ള പദ്ധതികളും നിലവിലെ പുരോഗതിയും വിശദീകരിച്ചു. നഗരാസൂത്രണത്തെയും പ്രാദേശിക റോഡ് മാനേജ്മെന്റിനെയും കുറിച്ച് അബ്ദുല്‍ അസീസ് അല്‍ ഔനിയും, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രതിനിധി ഉമൈമ ബാംസഖ് പൊതുഗതാഗത സംവിധാനങ്ങളുടെ വികസന സാധ്യതകളെക്കുറിച്ചും സംസാരിച്ചു.
ശൂറാ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുത്തൈരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ റിയാദിലെ ഗതാഗത മേഖലയില്‍ വരാനിരിക്കുന്ന തന്ത്രപ്രധാന മാറ്റങ്ങളെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടന്നു.