അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ തീരദേശ പ്രദേശങ്ങളില്‍ വരാനിരിക്കുന്ന വാരാന്ത്യത്തോടെ രാത്രികാല താപനില 20 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് ആസ്ട്രോണമിക്സ് സൊസൈറ്റി ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. പകല്‍ സമയത്തെ താപനില 30 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് റേഡിയോയുടെ 'ഡയറക്ട് ലൈന്‍' പരിപാടിയില്‍ സംസാരിക്കവെയാണ് അല്‍ ജര്‍വാന്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നിലവിലെ ശരത്കാല ഘട്ടത്തില്‍ വടക്കുഭാഗത്ത് നിന്ന് രാജ്യത്തേക്ക് എത്തുന്ന ആദ്യ ശൈത്യകാല ന്യൂനമര്‍ദ്ദ സംവിധാനങ്ങളില്‍ ഒന്നാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പ്രാദേശിക പരമ്പരാഗത കാര്‍ഷിക-കാലാവസ്ഥാ കലണ്ടറായ 'അല്‍ ദുറൂര്‍' പ്രകാരം ശൈത്യകാലത്തിന്റെ ആദ്യ ഘട്ടം നവംബര്‍ 26-നും 28-നും ഇടയില്‍ ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപ രാജ്യങ്ങളില്‍ നിന്ന് മേഘങ്ങള്‍ എത്തുന്നതിനൊപ്പം രാജ്യത്തെ അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള വായുവും മലയോര മേഖലകളില്‍ പ്രാദേശികമായി മേഘരൂപീകരണത്തിന് വഴിതെളിക്കും. മലയോര പ്രദേശങ്ങളിലും ചില ഉള്‍നാടന്‍, പടിഞ്ഞാറന്‍ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന ശക്തമായ കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം വരും ദിവസങ്ങളില്‍ താപനില 4 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ഘട്ടംഘട്ടമായി കുറയും. വ്യാഴാഴ്ച ഉച്ചയോടെ പ്രധാന മഴമേഘങ്ങള്‍ ഒഴിയുമെങ്കിലും വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നാണ് വിലയിരുത്തല്‍.
Related News