റിയാദ്: സൗദി അറേബ്യയില്‍ പ്രൊക്യൂര്‍മെന്റ് (സംഭരണം), പര്‍ച്ചേസിങ്, വെയര്‍ഹൗസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ 12 പ്രമുഖ തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിത്തുടങ്ങി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയില്‍ പ്രാദേശിക തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
വിഷന്‍ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ സൗദി പൗരന്മാരുടെ പങ്കാളിത്തം കൂട്ടാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. നിര്‍ദ്ദിഷ്ട തസ്തികകളില്‍ യോഗ്യരായ സ്വദേശി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ എന്നും സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം പാലിട്ടുണ്ടോ എന്നും ഉറപ്പുവരുത്താന്‍ മന്ത്രാലയത്തിന്റെ പ്രത്യേക റെഗുലേറ്ററി സംഘങ്ങള്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു.
സ്വദേശിവത്കരണം ബാധകമായ 12 തസ്തികകള്‍:
പ്രൊക്യൂര്‍മെന്റ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിങ് മാനേജര്‍, വെയര്‍ഹൗസ് മാനേജര്‍, പര്‍ച്ചേസിങ് റെപ്രസെന്റേറ്റീവ്, കോണ്‍ട്രാക്ട് മാനേജര്‍, വെയര്‍ഹൗസ് കീപ്പര്‍,
ലോജിസ്റ്റിക്‌സ് സര്‍വീസസ് മാനേജര്‍, ടെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്, ഇ-കൊമേഴ്‌സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റ് റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റ്, വെയര്‍ഹൗസ് സ്‌പെഷ്യലിസ്റ്റ്, പ്രൈവറ്റ്-ലേബല്‍ സോഴ്‌സിങ് സ്‌പെഷ്യലിസ്റ്റ്.
സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഓക്യുപേഷന്‍സ് അംഗീകരിച്ചിട്ടുള്ള ഈ 12 തസ്തികകളില്‍, മൂന്നോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും. അനുവദിച്ച ഇളവ് കാലാവധി കഴിഞ്ഞിട്ടും നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മന്ത്രിതല പ്രമേയം (നമ്പര്‍ 77050) പ്രകാരം നേരത്തെ പ്രഖ്യാപിച്ച ഈ തീരുമാനത്തിന്റെ മാര്‍ഗ്ഗരേഖ 2025 ജനുവരി 1-നാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് 2026 മെയ് 31 മുതല്‍ നിയമം ഔദ്യോഗികമായി നടപ്പിലാക്കാന്‍ നിശ്ചയിക്കുകയായിരുന്നു. സമീപകാലത്തായി വിവിധ മേഖലകളില്‍ സൗദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സ്വദേശിവത്കരണ നടപടികളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ജനുവരിയില്‍ ഡെന്റല്‍ മേഖലയിലെ സ്വദേശിവത്കരണം 55 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഏപ്രിലില്‍ ടൂറിസം മേഖലയിലെ വിവിധ തസ്തികകളില്‍ 100%, 70%, 50% എന്നിങ്ങനെയും, മാര്‍ക്കറ്റിങ്-സെയില്‍സ് തസ്തികകളില്‍ 60 ശതമാനവും സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു. തൊഴിലന്വേഷകരായ സൗദി യുവാക്കളുടെ യോഗ്യതയ്ക്കനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
Related News