കന്‍സാസ് സിറ്റി- ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി അമേരിക്കയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സാമഗ്രികള്‍ മോഷണം പോയി. ടീം അംഗങ്ങള്‍ പ്രധാന ക്യാമ്പായ മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഫ്‌ളോറിഡയിലെ പ്രീ-ടൂര്‍ണമെന്റ് ക്യാമ്പില്‍ നിന്നു കന്‍സാസ് സിറ്റിയിലെ 'സ്വോപ്പ് സോക്കര്‍ വില്ലേജിലേക്ക്' കായിക ഉപകരണങ്ങള്‍ വാഹനത്തില്‍ മാറ്റുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ഇംഗ്ലണ്ട് കളിക്കാര്‍ കന്‍സാസ് സിറ്റിയില്‍ എത്തുമ്പോഴേക്കും പരിശീലനത്തിനായുള്ള സൗകര്യങ്ങള്‍ എല്ലാം സജ്ജമാക്കേണ്ടതായിരുന്നു. കളിക്കാര്‍ ഉപയോഗിക്കുന്ന ബൂട്ട്, പരിശീലനത്തിനുള്ള പന്തുകള്‍ എന്നിവയടക്കമുള്ള പ്രധാന സാമഗ്രികളാണ് നഷ്ടപ്പെട്ടത്. കന്‍സാസ് സിറ്റി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുമായി വന്ന വാഹനത്തില്‍ നിന്നുംസാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും, സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
വരുന്ന ബുധനാഴ്ച ഡാളസില്‍ ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. അതിനിടയിലുണ്ടായ അപ്രതീക്ഷിത മോഷണം ടീമിന്റെ പരിശീലനത്തെയും ആദ്യ മത്സരത്തിനായുള്ള ഒരുക്കങ്ങളെയും ബാധിച്ചേക്കാം. അമേരിക്കയിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഇംഗ്ലണ്ട് ടീം ഫ്‌ളോറിഡയില്‍ നേരത്തെ ക്യാമ്പ് ചെയ്തത്. അവിടെ വെച്ച് ന്യൂസിലന്‍ഡ്, കോസ്റ്റാറിക്ക എന്നീ ടീമുകള്‍ക്കെതിരെ അവര്‍ വാം-അപ്പ് മത്സരങ്ങളും കളിച്ചിരുന്നു. ഇംഗ്ലണ്ടിന് പുറമെ അള്‍ജീരിയ, അര്‍ജന്റീന, നെതര്‍ലന്‍ഡ്‌സ് എന്നീ പ്രമുഖ ടീമുകളും കന്‍സാസ് സിറ്റിയാണ് തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പായി തെരഞ്ഞെടുത്തിരിക്കുന്നത്.
Related News