റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച്, പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. 'രക്തദാനം ജീവദാനം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്, ജീവന്‍ രക്ഷിക്കുന്ന ഈ മഹത്തായ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നിരവധി പേര്‍ ക്യാമ്പിലെത്തി.
പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി മെഡിക്കല്‍ സിറ്റിയിലെ ഡോ. അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. അടിയന്തര ഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് രക്തദാനം വഴി ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും, ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അലിഫ് സ്‌കൂളിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിന്റെയും മെഡിക്കല്‍ സിറ്റിയുടെയും രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു രക്തദാനം നടന്നത്. സി.ഇ.ഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് നാലകത്ത്, അഡ്മിന്‍ മാനേജര്‍ അലി ബുഖാരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Related News