ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മോഷണതിരിമറി ആരോപണങ്ങളില്‍ എസ്.ഐ.ടി റിപ്പോര്‍ട്ട് പുറത്തുവന്നു. 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍ 25നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തര്‍പ്രദേശിനുവേണ്ടി ഹാജരായ എസഐ.ടിയുടെ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ സാക്ഷിമൊഴികളും സംഭാവനകളുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും അന്വേഷണസംഘം പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ കോടതി തയ്യാറായില്ല. കേസ് ഇപ്പോള്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അതിന്റെ നടപടിക്രമം തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് തോന്നിയാല്‍ പിന്നീട് ഉത്തരവ് പുറപ്പെടുവിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ആദ്യഘട്ട അന്വേഷണത്തില്‍ 70 മോഷണ സംഭവങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട വന്നത്. തുടര്‍ന്ന് നൂറുകണക്കിന് മണിക്കൂര്‍ സിസിടിവി ദൃശ്യങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍, ബാങ്ക് നിക്ഷേപ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് 105 സംഭവങ്ങള്‍ കണ്ടെത്തിയത്. സംഭാവനയായി ലഭിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എങ്ങനെ കൈകാര്യം ചെയ്തുവെന്നതും പരിശോധിച്ചു.
സംഭാവന കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 79.85 ലക്ഷം രൂപ പിടിച്ചെടുത്തു. രാമക്ഷേത്രത്തിലെ സംഭാവനകളില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് സുപ്രീംകോടതി അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കുകയും വേഗത്തിലും സുതാര്യമായും അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഫോറന്‍സിക് ഓഡിറ്ററെയും ഉള്‍പ്പെടുത്താന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ആദ്യ അറസ്റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകുന്ന ദിവസമാണ് സെപ്റ്റംബര്‍ 25. അതിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് നിയമപ്രകാരം ജാമ്യത്തിന് അര്‍ഹത ലഭിക്കാനുള്ള സാഹചര്യമുണ്ടാകും.
Related News