ന്യൂദല്‍ഹി: 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജയില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ദല്‍ഹി കോടതിയുടെ അനുമതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായിയാണ് ഇടക്കാല ജാമ്യാപേക്ഷ അനുവദിച്ചത്. ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഷര്‍ജീലിനെതിരായ കേസ്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇരുവരും വിചാരണ ആരംഭിക്കാതെ ജയിലില്‍ തുടരുകയാണ്.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ ഉണ്ടായത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കേസില്‍ വിചാരണ ആരംഭിക്കാതെ ദീര്‍ഘകാലം തടങ്കലില്‍ തുടരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നായിരുന്നു ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകളിലെ പ്രധാന വാദം. ഇരുവരുടെയും ജാമ്യാപേക്ഷകള്‍ ജൂലൈ 4ന് ദല്‍ഹി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷര്‍ജീലിന്റെ സ്ഥിരം ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. അതിനിടെയാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.
ഷര്‍ജീലിന് നേരത്തെയും സമാനമായി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മാര്‍ച്ച് 20 മുതല്‍ 30 വരെ പത്ത് ദിവസത്തേക്കാണ് അന്ന് ജാമ്യം അനുവദിച്ചത്.
താഹിര്‍ ഹുസൈന്‍, ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി, ഇഷ്‌റത്ത് ജഹാന്‍, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷിഫാ ഉര്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാന്‍, അഥര്‍ ഖാന്‍, ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സഫൂറ സര്‍ഗാറിനും ജാമ്യം അനുവദിച്ചിരുന്നു. ഷര്‍ജീലിന്റെ സ്ഥിരം ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 30ന് പരിഗണിക്കും.
Related News