ജിദ്ദ: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജിദ്ദ റീജിയണൽ കമ്മിറ്റി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.എഫ് നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജിദ്ദയിലും ക്യാമ്പ് ഒരുക്കിയത്.
കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി , സൗദി നാഷണൽ ഗാർഡ് ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി സന്നദ്ധ പ്രവർത്തകർ മാതൃകാപരമായ ഈ സംരംഭത്തിൽ പങ്കാളികളായി രക്തം ദാനം ചെയ്തു.
സമൂഹത്തിൽ രക്തദാനത്തിന്റെ സന്ദേശം വ്യാപിപ്പിക്കുകയെന്നതോടൊപ്പം, അടിയന്തര ഘടങ്ങളിൽ ജീവൻ രക്ഷാ ഔഷധമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യവുമാണ് ക്യാമ്പിന് പിന്നിലുണ്ടായിരുന്നത്. സൗദി ദേശീയ ദിനം മുന്നോട്ടു വെക്കുന്ന മാനവികതാബോധവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു പരിപാടി.
ക്യാമ്പിന്റെ വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച ഹോസ്പിറ്റൽ അധികൃതർക്കും, അവശ്യഘട്ടത്തിൽ രക്തദാനത്തിനെത്തിയ എല്ലാ പ്രവർത്തകർക്കും ഐ.സി.എഫ് ജിദ്ദ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു.
ബഷീർ മാസ്റ്റർ പറവൂർ, യഹ്‌യ ഖലീൽ നൂറാനി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബു മിസ്ബാഹ് ഐക്കരപ്പടി, യാസർ എ.ആർ നഗർ, ഹനീഫ ബെർക, ഇബ്രാഹിം മുസ്‌ലിയാർ കോതമംഗലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Related News