ബോസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ഘാനയ്ക്കെതിരെ ഇംഗ്ലണ്ടിന് നിരാശാജനകമായ ഗോള്‍രഹിത സമനില. ക്രോയേഷ്യയെ 4-2 എന്ന സ്‌കോറിന് തോല്‍പ്പിച്ച ആവേശകരമായ ആദ്യ മത്സരത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ തോമസ് ടുക്കലിന്റെ സംഘത്തിന്, ഈ മത്സരം വലിയൊരു തിരിച്ചടിയായി മാറി. ഇതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ കടുപ്പമായി.
മന്ദഗതിയിലായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ ബുകായോ സാക്കയ്ക്കും എലിയറ്റ് ആന്‍ഡേഴ്‌സണിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഹാരി കെയ്നിന് ലഭിച്ച സുവര്‍ണ്ണാവസരവും പാഴായി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസിസ്റ്റന്റ് കോച്ച് കാര്‍ലോസ് ക്വയ്റോസ് പരിശീലിപ്പിക്കുന്ന ഘാനയുടെ ഉറച്ച പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ നന്നേ പാടുപെട്ടു.
കഴിഞ്ഞ നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ട് സമനിലയില്‍ പിരിയുന്ന രണ്ടാമത്തെ മത്സരമാണിത്. നിലവില്‍ ഇംഗ്ലണ്ടും ഘാനയും നാല് പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമാണ്. ശനിയാഴ്ച നടക്കുന്ന അവസാന മത്സരങ്ങളില്‍ ഇംഗ്ലണ്ട് പനാമയെയും ഘാന ക്രോയേഷ്യയെയും നേരിടും.
Related News