ദുബായ്: എയര്‍ബസ് A380 വിമാനങ്ങളുടെ ചിറകുകളിലെ ഘടനയില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, വിമാനങ്ങള്‍ അടിയന്തരമായി പരിശോധിക്കാന്‍ യൂറോപ്യന്‍ ഏവിയേഷന്‍ സുരക്ഷാ ഏജന്‍സി (EASA) നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി, 48 മണിക്കൂറിനുള്ളില്‍ പരിശോധനകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു.
വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുകയുള്ളൂ എന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രവര്‍ത്തനങ്ങളില്‍ തടസ്സം വരാതിരിക്കാന്‍ എയര്‍ബസുമായും ബന്ധപ്പെട്ട അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ലൈന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആകെ എത്ര വിമാനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാകുന്നതെന്ന് എമിറേറ്റ്‌സ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആകെ 16 എയര്‍ബസ് A380 വിമാനങ്ങളാണ് പരിശോധിക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 15 എണ്ണം എമിറേറ്റ്‌സിന്റേതാണ്. ബാക്കിയുള്ള ഒരു വിമാനം ക്വാണ്ടസ് എയര്‍ലൈന്റേതാണെന്നും 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ചിറകിലെ പ്രധാന ഘടനാപരമായ ഭാഗത്ത് വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടിയന്തര പരിശോധനയ്ക്ക് എയര്‍ബസ് നിര്‍ദ്ദേശം നല്‍കിയത്.
Related News