l o a d i n g

ഗൾഫ്

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് പ്രതിഷേധാര്‍ഹം - സാദിഖലി ശിഹാബ് തങ്ങള്‍

Thumbnail
Publisher By     എ.എം. സജിത്ത്
June 30, 2026

മക്ക - പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ്. ദുരൂഹമായ ഈ നീക്കത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണമെന്നും ഇല്ലെങ്കില്‍ ശക്തമായ ബഹുജനപ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുസ്ലിംലീഗ് എം.പിമാര്‍ക്കും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

കടുത്ത പരിശോധനകള്‍ക്ക് ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് നല്‍കുന്നത്. വിദേശത്ത് ഓരോ ഇന്ത്യക്കാരന്റേയും ചിഹ്നമാണ് പാസ്പോര്‍ട്ട്. ഇത് കേവലം യാത്രാരേഖയാണെന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസിലുണ്ടാക്കിയ കുത്തനെയുള്ള വര്‍ധനവിനും നീതീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. 1500 രൂപയില്‍നിന്ന് 2500 രൂപയായി ഫീസ് ഉയര്‍ത്താനുള്ള തീരുമാനം ജോലി തേടുന്ന യുവാക്കള്‍ക്കും, പ്രവാസി തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാര്‍ക്കും താങ്ങാനാവാത്തതാണ്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്കെതിരായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്ന കാര്യത്തിലും പി.എം ശ്രീ പദ്ധതിയിലുമുണ്ടായ വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. മദ്യനയത്തിന്റെ കാര്യം യു.ഡി.എഫില്‍ തീരുമാനിച്ച ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. പി.എം ശ്രീയുടെ കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതി പരിശോധന നടത്തിവരികയാണ്. ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും അത് തുടരണമോ എന്ന കാര്യത്തില്‍ നയപരമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി.എം ശ്രീയില്‍ പാഠ്യപദ്ധതിയുടെ കാര്യത്തിലാണ് പ്രധാനമായ തര്‍ക്കമെന്നും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ജനങ്ങള്‍ അദ്ദേഹത്തിന് മറുപടി നല്‍കിക്കഴിഞ്ഞല്ലോ എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് കേരളീയര്‍ നല്‍കിയ മറുപടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ് മന്ത്രി വെള്ളാപ്പള്ളിയെ കണ്ടതില്‍ കാര്യമില്ല. അതൊക്കെ ചില സാഹചര്യങ്ങളില്‍ സംഭവിക്കുന്നതാണ്. ഇക്കാര്യത്തില്‍ ലീഗിന് അതിന്റേതായ നയമുണ്ട്. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് ലീഗ് യഥാസമയം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇടപെടും. മെഡിക്കല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് ഉയര്‍ന്ന വ്യാപകമായ പരാതികള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ച ചോദ്യത്തിന്, ജനപ്രതിനിധികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ലീഗിന് സംവിധാനമുണ്ടെന്നായിരുന്നു മറുപടി. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ലീഗിന് പ്രതിപക്ഷമില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് പ്രധാനമാണെന്നും അതിനാല്‍ ആറുമാസത്തിലൊരിക്കല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്തലം മുതല്‍ മന്ത്രിമാര്‍ വരെയുള്ള ലീഗ് ജനപ്രതിനിധികളുടെ പ്രവര്‍ത്തനം ഓരോ ആറുമാസത്തിലും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണം ലഭിച്ച ശേഷം സംഘ് പരിവാറിനോട് മയമുള്ള സമീപനമാണെന്ന ആരോപണം സാദിഖലി തങ്ങള്‍ തള്ളി. മുസ്ലിം ലീഗിന് ഇക്കാര്യത്തില്‍ വ്യക്തമായ നയവും നിലപാടുമുണ്ടെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിച്ചതില്‍ വിവാദമൊന്നുമില്ലെന്നും ചിലര്‍ക്ക് അതൃപ്തിയുണ്ടാകാമെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ യു.ഡി.എഫ് യോജിച്ച തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ അവ്യക്തതയില്ലെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രവാസി പെന്‍ഷന്‍ തുക 5000 രൂപയാക്കണമെന്നും നിസ്സാരകാരണങ്ങളുടെ പേരില്‍ പെന്‍ഷന്‍ അപേക്ഷ തള്ളിക്കളയുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാരുമായി സംസാരിക്കുമെന്നും അവര്‍ അറിയിച്ചു.

സൗദിയിലെ കെ.എം.സിസി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ മെഡികെയര്‍ എന്ന പേരില്‍ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയതായും അവര്‍ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രമുഖ ആതുരാലയങ്ങളുമായി കൈകോര്‍ത്താണ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നത്. കെ.എം.സി.സി സുരക്ഷാ പദ്ധതി അംഗങ്ങളായവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പ്രവാസികള്‍ക്ക് നാട്ടിലും സൗദിയിലും സുരക്ഷിതമായ നിക്ഷേപ പദ്ധതിക്കു തുടക്കം കുറിക്കാനും നാഷണല്‍ കമ്മിറ്റിക്ക് പദ്ധതിയുണ്ടെന്നും ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നേതാക്കള്‍ പറഞ്ഞു. സൗദി കെ.എം.സി.സിയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി 2027 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി അമ്പത് യുവതികളുടെ വിവാഹം സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ- സാംസ്‌കാരിക പരിപാടികള്‍ ഒരുക്കുമെന്നും അവര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, വൈസ് പ്രസിഡന്റുമാരായ നിസാം മമ്പാട്, ഉസ്മാനലി പാലത്തിങ്ങല്‍, സെക്രട്ടറിമാരായ നാസര്‍ വെളിയംകോട്, ഹാരിസ് കല്ലായി, നാസര്‍ എടവനക്കാട്, അരിമ്പ്ര അബൂബക്കര്‍, മുജീബ് പൂക്കോട്ടൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026