റിയാദ്: 2025 ഡിസംബര്‍ 31-ന് സാമ്പത്തിക വര്‍ഷം അവസാനിച്ചതും ഇതുവരെ തങ്ങളുടെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കാത്തതുമായ കമ്പനികള്‍ ഇന്ന് തന്നെ അത് പൂര്‍ത്തിയാക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധി ഇന്ന്(ജൂണ്‍ 30) അര്‍ദ്ധരാത്രിയോടെ അവസാനിക്കുകയാണ്. കമ്പനീസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സാമ്പത്തിക പിഴ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളില്‍ തന്നെ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണമെന്ന് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു.
കമ്പനീസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുക എന്നത് രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും നിര്‍ബന്ധ ബാധ്യതയാണെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17-ലെ രണ്ടാം ഖണ്ഡിക പ്രകാരം, ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലും സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കമ്പനിയുടെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് തയാറാക്കേണ്ടതുണ്ട്. കൂടാതെ, സാമ്പത്തിക വര്‍ഷം അവസാനിച്ച തീയതി മുതല്‍ 6 മാസത്തിനുള്ളില്‍ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് വിധേയമായി ഇവ ഫയല്‍ ചെയ്യുകയും വേണം.
കമ്പനിയുടെ ഘടനയെ ആശ്രയിച്ച് മാനേജര്‍ അല്ലെങ്കില്‍ മാനേജര്‍മാര്‍, ബോര്‍ഡ് ചെയര്‍മാന്‍, കമ്പനി പ്രസിഡന്റ് അല്ലെങ്കില്‍ ലിക്വിഡേറ്റര്‍ എന്നിവര്‍ക്കാണ് സാമ്പത്തിക പ്രസ്താവനകള്‍ ഫയല്‍ ചെയ്യാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഈ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, കമ്പനി നിയമ പ്രകാരം കനത്ത സാമ്പത്തിക പിഴ ഈടാക്കുന്നതായിരിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ 'ഖവാഇം' വഴി ഇലക്ട്രോണിക് രീതിയിലാണ് ഈ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടത്.
Related News