മെക്‌സിക്കോ സിറ്റി: അസ്ടെക്ക സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയരായ മെക്‌സിക്കോയെ 3-2 എന്ന സ്‌കോറിന് തോല്‍പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിയ മെക്്‌സിക്കോയുടെ സ്വപ്നങ്ങള്‍ക്കാണ് ഇംഗ്ലണ്ട് വിരാമമിട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഭൂരിഭാഗവും പത്ത് പേരുമായാണ് ഇംഗ്ലണ്ട് കളിച്ചതെന്നത് അവരുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജ്യൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി രണ്ട് ഗോളുകള്‍ നേടി മെക്‌സിക്കോയെ ഞെട്ടിച്ചു. ബുക്കായോ സാകയുടെ ക്രോസില്‍ നിന്ന് ഒരു ഗോളും, ഹാരി കെയ്ന്റെ പാസില്‍ നിന്ന് മറ്റൊരു ഗോളും നേടിയ ബെല്ലിങ്ഹാം ഒരു മിനിറ്റിന്റെ ഇടവേളയിലാണ് മെക്‌സിക്കോയുടെ പ്രതിരോധം തകര്‍ത്തത്.
ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്‍പ് മെക്‌സിക്കോ തിരിച്ചുവരവിന് ശ്രമിച്ചു. ബോക്‌സിലെ അലക്ഷ്യമായ പന്തിനെ മുതലെടുത്ത് ജൂലിയന്‍ ക്വിനോണസ് മെക്‌സിക്കോയ്ക്കായി ഒരു ഗോള്‍ മടക്കി.
രണ്ടാം പകുതിയില്‍ ജാരെല്‍ ക്വാന്‍സ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് പത്ത് പേരായി ചുരുങ്ങി. എന്നാല്‍, ആന്റണി ഗോര്‍ഡനെ മെക്്‌സിക്കോ ഗോള്‍കീപ്പര്‍ റൗള്‍ റാഞ്ചല്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി.
തുടര്‍ന്ന് ഹാരി കെയ്ന്റെ ഫൗളിന് ലഭിച്ച പെനാല്‍റ്റിയിലൂടെ റൗള്‍ ജിമെനെസ് മെക്‌സിക്കോയ്ക്കായി രണ്ടാമത്തെ ഗോള്‍ നേടി. എന്നാല്‍ സമനില പിടിക്കാനുള്ള മെക്‌സിക്കോയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.
അതിശക്തമായ മഴയെത്തുടര്‍ന്ന് മത്സരം ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ശനിയാഴ്ച മിയാമിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് നോര്‍വെയെ നേരിടും.
Related News