റിയാദ്: സൗദി അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് 'കലിനറി ആര്‍ട്‌സ് അക്കാദമിക് പ്രോഗ്രാം' വീണ്ടും ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയിലെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും, സൗദി പൗരന്മാരെ ഈ രംഗത്ത് തൊഴില്‍ സജ്ജരാക്കുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ബിരുദധാരികള്‍ക്ക് സുസ്ഥിരമായ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനുള്ള കൃത്യമായ വഴികള്‍ ഈ പ്രോഗ്രാം ഒരുക്കുന്നുണ്ടെന്ന് കലിനറി ആര്‍ട്‌സ് കമ്മീഷന്‍ സി.ഇ.ഒ മയാദ ബദര്‍ പറഞ്ഞു.
പ്രിന്‍സ് മുക്രിന്‍ യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റി, ബാറ്റര്‍ജി മെഡിക്കല്‍ കോളേജ്, സൗദി കലിനറി ആര്‍ട്‌സ് അക്കാദമി എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൗദിയിലെ കഴിവുറ്റ യുവാക്കളെ വാര്‍ത്തെടുക്കുക, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ആധുനിക പാചകരീതികളുമായി സംയോജിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഠനരീതിയാണ് പിന്തുടരുന്നത്. ഓരോ സ്ഥാപനത്തിലും വ്യത്യസ്തമായ സ്‌പെഷ്യലൈസേഷനുകള്‍ ഉണ്ടായിരിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭിക്കും.
അപേക്ഷാ വിവരങ്ങള്‍:
ഈ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിലുള്ള, ഹൈസ്‌കൂള്‍ ഡിപ്ലോമയോ അല്ലെങ്കില്‍ സര്‍വ്വകലാശാലാ ബിരുദമോ ഉള്ള സൗദി പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
സൗദിയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കമ്മീഷന്റെ ദീര്‍ഘകാല ലക്ഷ്യമെന്നും മയാദ ബദര്‍ കൂട്ടിച്ചേര്‍ത്തു. ബിരുദധാരികളുടെ തൊഴില്‍പരമായ പുരോഗതിയും വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രോഗ്രാമിന്റെ ശേഷിയുമാണ് ഈ സംരംഭത്തിന്റെ വിജയമായി കണക്കാക്കുന്നത്.
സൗദി അറേബ്യന്‍ ഭക്ഷണ സംസ്‌കാരത്തെ ആഗോള വേദികളിലും പാചക കലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളിലും ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടാണ് സൗദി കലിനറി ആര്‍ട്‌സ് കമ്മീഷന്‍ രൂപീകരിച്ചത്. അന്താരാഷ്ട്ര സംഘടനയായ 'സിര്‍ഹ ഫുഡുമായി' തന്ത്രപ്രധാനമായ പങ്കാളിത്തം കമ്മീഷനുണ്ട്.
Related News