നജ്റാന്‍: ഒ.ഐ.സി.സി ഉപാധ്യക്ഷനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഫൈസല്‍ പൂക്കോട്ടുംപാടത്തിന്റെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂക്കോട്ടുംപാടം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഇരുപത് വര്‍ഷത്തോളമായി സൗദി അറേബ്യയിലെ നജ്റാനില്‍ പ്രവാസജീവിതം നയിച്ചിരുന്ന ഫൈസല്‍, പ്രവാസലോകത്തെ ജീവകാരുണ്യ-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ മലയാളി കൂട്ടായ്മകളുടെ മുന്‍പന്തിയില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നജ്റാനിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ഇന്നലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മയ്യിത്ത്, അദ്ദേഹത്തിന്റെ പൂക്കോട്ടുംപാടത്തുള്ള വീട്ടിലും പള്ളിയിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം പൂക്കോട്ടുംപാടം ജുമാ മസ്ജിദില്‍ ഖബറടക്കി.
ഖബറടക്ക ചടങ്ങുകളില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ഒ.ഐ.സി.സി, കെ.എം.സി.സി ഭാരവാഹികളും, നജ്റാനിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സന്നിഹിതരായിരുന്നു.
Related News