l o a d i n g

കായികം

പെലെയുടെ മൂന്ന് മിനിറ്റ്, മറഡോണയുടെ നാല്, മെസ്സിയുടെ അഞ്ച്

Thumbnail
Publisher By     ടി. സാലിം
July 17, 2026

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ മൂന്ന് നിമിഷങ്ങള്‍, 1958ല്‍ സോവിയറ്റ് യൂനിയനെതിരായ മത്സരത്തില്‍ പെലെയും ഗരിഞ്ചയും ഉള്‍പ്പെട്ട ബ്രസീലിന്റെ ആദ്യ മൂന്ന് മിനിറ്റ് വിശേഷിപ്പിക്കപ്പെടുന്നത് അങ്ങനെയാണ്. ആദ്യ രണ്ട് കളിയിലും ബ്രസീല്‍ ഒരു സാധാരണ ടീം മാത്രമായിരുന്നു. ഓസ്ട്രിയയെ 3-0 ന് തോല്‍പിക്കുകയും ഇംഗ്ലണ്ടുമായി ഗോള്‍രഹിത സമനില പാലിക്കുകയും ചെയ്ത ടീമില്‍ മസോലയും ജോയലുമായിരുന്നു ഇറങ്ങിയത്. പതിനേഴുകാരനായ പെലെക്ക് പരിക്കായിരുന്നു. ഗരിഞ്ചയാവട്ടെ ഒരു കോച്ചിനെയും അനുസരിക്കാത്ത ഡ്രിബല്‍ംഗ് ഭ്രാന്തനായിരുന്നു. മൂന്നാമത്തെ കളി സോവിയറ്റ് യൂനിയനെതിരെയായിരുന്നു. കോച്ച് ഫിയോളക്കു മേല്‍ സീനിയര്‍ കളിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി, രണ്ട് യുവതാരങ്ങളെയും കളത്തിലിറക്കി. പെലെയുടെയും ഗരിഞ്ചയുടെയും ആദ്യ ലോകകപ്പ്. പുല്‍ത്തകിടികളില്‍ വെള്ളിടി പ്രസരിക്കുന്നതാണ്് ആദ്യ മൂന്നു മിനിറ്റില്‍ കണ്ടത്. ഇതിഹാസതുല്യനായ ലെവ് യാഷിന്‍ കാവല്‍ നിന്ന ഗോള്‍മുഖം തുരുതുരെ വിറച്ചു. ആദ്യം ഗരിഞ്ചയായിരുന്നു. ഡിഫന്ററെ വെട്ടിച്ചു കടന്ന് ഗരിഞ്ച പറത്തിയ ഷോട്ട് ക്രോസ്ബാറിനെ ഉലച്ചു. അതിന്റെ അലയടങ്ങും മുമ്പെ പന്ത് നിയന്ത്രണത്തിലെടുത്ത പെലെ വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണയും ക്രോസ്ബാര്‍ വിറച്ചു. അടുത്തത് ദിദിയുടെ ഊഴമായിരുന്നു. ദിദിയില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച വാവ ഓടിക്കയറിയ യാഷിനെയും മറികടന്ന് പന്ത് വലയിലേക്ക് പായിച്ചു, ഗോള്‍. സെക്കന്റുകള്‍ പിന്നിടും മുമ്പെ ഗരിഞ്ചയുടെ അളന്നുമുറിച്ച പാസില്‍ നിന്ന് വാവ വീണ്ടും ഷോട്ട് തൊടുത്തു, തലനാരിഴക്കാണ് ഇത്തവണ സോവയിറ്റ് ഗോള്‍വല രക്ഷപ്പെട്ടത്. ബ്രസീല്‍ എന്ന പേര് ലോക ഫുട്ബോളില്‍ മഞ്ഞ വരകളില്‍ വരച്ചുചേര്‍ത്തതായിരുന്നു ആ മൂന്ന് മിനിറ്റ്.

1986 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഡിയേഗൊ മറഡോണ അരങ്ങുവാണ നാല് മിനിറ്റ് അത്ര തന്നെ അവിസ്മരണീയമായിരുന്നു. ദൈവത്തിന്റെ കൈ കൊണ്ട് മറഡോണ ഗോള്‍ നേടിയത് 51ാം മിനിറ്റിലാണ്. പീറ്റര്‍ ബിയേഡ്സ്്ലിയെയും പീറ്റര്‍ റീഡിനെയും ടെറി ബുച്ചറെയും ടെറി ഫെന്‍വിക്കിനെയും ഗോളി പീറ്റര്‍ ഷില്‍റ്റനെയും ഒന്നിനു പിറകെ ഒന്നായി വെട്ടിച്ചു കയറി മറഡോണ ഒഴിഞ്ഞ വലയിലേക്ക് പന്തടിച്ചു കയറ്റുകയും ഫുട്ബോള്‍ ലോകം ആ മാന്ത്രികനു മുന്നില്‍ വിസ്മയിച്ചു നില്‍ക്കുകയും ചെയ്തത് 55ാം മിനിറ്റില്‍.

2026ലെ ലോകകപ്പ് സെമി ഫനലില്‍ ലിയണല്‍ മെസ്സിയുടെ തേര്‍വാഴ്ച നീണ്ടുനിന്നത് അഞ്ചു മിനിറ്റ്. 55ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയ ശേഷമാണ് അര്‍ജന്റീനക്കും മെസ്സിക്കും ജീവന്‍ വെച്ചത്. അവശേഷിച്ച 37 മിനിറ്റുകളില്‍ അര്‍ജന്റീനയുടെ ബോള്‍ പൊസഷന്‍ 88 ശതമാനമായിരുന്നു. മൈതാനമധ്യത്തില്‍ നിന്ന് വലതു വിംഗിലേക്ക് മാറി മെസ്സി പട നയിച്ചു. ഇംഗ്ലണ്ട് ഗോള്‍മുഖം കിടുകിടെ വിറച്ചു. ഒമ്പത് തവണയാണ് മെസ്സി ഡ്രിബിള്‍ ചെയ്ത് മുന്നേറിയത്. മൊത്തം ഇംഗ്ലണ്ട് ടീമിന് സാധിച്ചത് ഏഴെണ്ണം മാത്രം. ഒമ്പത് തവണ ഗോള്‍മുഖത്തേക്ക് മെസ്സി പന്ത് ക്രോസ് ചെയ്തു. 85ാം മിനിറ്റില്‍ ഷോര്‍ട് കോര്‍ണറിനെ തുടര്‍ന്ന് പന്തുമായി മുന്നേറിയ മെസ്സിയെ തടുക്കാനായി സെന്‍ട്രല്‍ ഡിഫന്റര്‍ എലിയറ്റ് ആന്‍ഡേഴ്സന്‍ പൊസിഷന്‍ വിട്ടു. കൂടുതല്‍ കളിക്കാരെ തന്നിലേക്ക് ആകര്‍ഷിക്കാനായി മെസ്സി ബോധപൂര്‍വം പന്ത് വെച്ച് താമസിപ്പിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഏരിയക്കു പുറത്ത് എന്‍സൊ ഫെര്‍ണാണ്ടസിന് പന്ത് കൈമാറി. ആവശ്യത്തിലേറെ ഇടവും സമയവും കിട്ടിയ എന്‍സൊ ഫെര്‍ണാണ്ടസ് വലയുടെ ഇടതു മോന്തായത്തിലേക്ക് ഷോട്ട് തൊടുത്തു.

അഞ്ച് മിനിറ്റിനു ശേഷം അര്‍ജന്റീനയുടെ രണ്ടാം ഗോളിനും മെസ്സി വഴിയൊരുക്കി. അലക്സിസ് മക്കാലിസ്റ്ററുടെ ഷോട്ട് പോസ്റ്റിനു തട്ടിത്തെറിച്ചപ്പോള്‍ ആള്‍ക്കൂട്ടം നിറഞ്ഞ ഇംഗ്ലണ്ട് ബോക്സില്‍ നിന്ന് ജാഗ്രതയോടെ മെസ്സി പന്ത് പിടിച്ചെടുത്തു. ഒപ്പമോടിയ ജെഡ് സ്പെന്‍സിനെ വെട്ടിച്ച് താരതമ്യേന ദുര്‍ബലമായ വലതു കാല് കൊണ്ട് മെസ്സി ഉയര്‍ത്തിയ പന്ത് ലൗതാരൊ മാര്‍ടിനേസ് തല കൊണ്ട് വലയിലേക്ക് ചെത്തിവിട്ടു. അവിശ്വസനീയ തിരിച്ചുവരവിന്റെ ആവേശത്തിലേക്ക് അര്‍ജന്റീന കളിക്കാര്‍ ചാടിക്കയറി. അവിസ്മരണീയമായ അഞ്ച് മിനിറ്റിന്റെ മാസ്മരിക ലഹരിയില്‍ ഫുട്ബോള്‍ ലോകം അമര്‍ന്നു.

Photo

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026