പാലാ: യു.ഡി.എഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചു.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ ഹാജരായില്ല. കേരള കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാര്‍ട്ടിയായ കെ.ഡി.പിയിലെ പ്രിന്‍സി സണ്ണിയും ഹാജരായിരുന്നില്ല.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസ്സാകാന്‍ വേണ്ടത്. എല്‍.ഡി.എഫിന് 12 അംഗങ്ങളുണ്ട്. യു.ഡി.എഫിന് നിലവില്‍ 14 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്- 6 കേരളാ കോണ്‍ഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിന്റെ പിന്തുണയും കൂടി ഉള്‍പ്പെടുന്നതാണ് 14.
Related News