റിയാദ്: വീടുകയറി ആക്രമണം നടത്തുകയും സ്ത്രീയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. ഈജിപ്ഷ്യന്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ലത്തീഫിന്റെ ശിക്ഷയാണ് വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വീട്ടില്‍ അക്രമിച്ചു കയറി സ്ത്രീയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റകൃത്യത്തിന് പിന്നാലെ സുരക്ഷാ സേന പ്രതിയെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തു.
തുടര്‍ന്ന് കേസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ വിചാരണ കോടതി ശരിവെക്കുകയും ഇയാള്‍ ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്ന് വിലയിരുത്തി മരണശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിചാരണക്കോടതിയുടെ വിധി ശരിവെച്ചതോടെ ശിക്ഷ അന്തിമമായി. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിധി നടപ്പാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താനും നീതി പൂര്‍ണമായി നടപ്പാക്കാനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Related News