തിരുവനന്തപുരം: പ്രവാസി നിക്ഷേപ സുരക്ഷ ഉറപ്പാക്കല്‍, സമഗ്ര പുനരധിവാസം, ക്ഷേമ പദ്ധതികളുടെ പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒ.ഐ.സി.സി. മിഡില്‍ ഈസ്റ്റ് കണ്‍വീനറും മുന്‍ ജിദ്ദ കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.എ. മുനീര്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് നിവേദനം കൈമാറിയത്.
പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 'സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍' രൂപീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം, ഐ.ടി., ടൂറിസം, അഗ്രി-ബിസിനസ്സ് തുടങ്ങിയ ലാഭകരമായ മേഖലകളില്‍ പ്രവാസി പങ്കാളിത്തത്തോടെ സംരംഭങ്ങള്‍ ആരംഭിക്കുകയും സുരക്ഷിതമായ ലാഭവിഹിതം ഉറപ്പാക്കുകയും ചെയ്യുക, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇതില്‍ തൊഴില്‍ മുന്‍ഗണന നല്‍കുക, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ലളിതവും വര്‍ഷം മുഴുവന്‍ എന്റോള്‍മെന്റ് സൗകര്യമുള്ളതുമാക്കുക, പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, എന്‍.ആര്‍.ഐ. കമ്മീഷന്‍ നിയമം ഭേദഗതി ചെയ്യുകയും വിദേശങ്ങളില്‍ നിയമക്കുരുക്കില്‍ പെടുന്നവര്‍ക്കായി അന്താരാഷ്ട്ര 'ലീഗല്‍ എയ്ഡ് സെല്ലുകള്‍' രൂപീകരിക്കുകയും ചെയ്യുക, പ്രവാസി ക്ഷേമ പെന്‍ഷനായി ഡിജിറ്റല്‍ ആഗോള പ്രവാസി ലോട്ടറി ആരംഭിക്കുക, പ്രവാസി സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് 'പ്രവാസി ഫെഡ്' രൂപീകരിക്കുക, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് പെന്‍ഷന്‍ ഒഴിവാക്കാനുള്ള 'ഓപ്റ്റ്-ഔട്ട്' സൗകര്യവും സി.എസ്.ആര്‍. ഫണ്ട് വഴി നിര്‍ധനര്‍ക്ക് പെന്‍ഷന്‍ സ്‌പോണ്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ആയത് അടിയന്തര തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെ. ടി. എ. മുനീര്‍ അറിയിച്ചു.
ജിദ്ദയില്‍ നിന്നുള്ള ഒ.ഐ.സി.സി നേതാക്കളായ സാക്കീര്‍ ഹുസൈന്‍ എടവണ്ണ, നൗഷാദ് അടൂര്‍, നാസിമുദ്ദീന്‍ മണനാക്, അബ്ദുല്‍ ഖാദര്‍ കള്ളിവളപ്പില്‍, മുന്‍ ജിദ്ദ ഒ.ഐ.സി.സി. ഭാരവാഹികളായിരുന്ന അബ്ദുല്‍ റഹീം ഇസ്മായില്‍, ജോഷി വര്‍ഗീസ്, ഷുക്കൂര്‍ വക്കം എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
ഫോട്ടോ ക്യാപ്ഷന്‍: പ്രവാസി നിക്ഷേപ സുരക്ഷ, പുനരധിവാസം, ക്ഷേമ പദ്ധതി പരിഷ്‌കരണം എന്നിവ ഉന്നയിച്ച് ഒ.ഐ.സി.സി. മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കെ. ടി. എ. മുനീര്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കുന്നു.
Related News