ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ (27) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
ദുബായിലെ 'ദ കാര്‍ സൂപ്പര്‍സ്റ്റോറി'ല്‍ വിഡിയോഗ്രാഫറായി ജോലി നോക്കുകയായിരുന്നു ഷിജിന്‍. ദുബായിലെത്തിയിട്ട് എട്ടു മാസം ആകുന്നതേയുള്ളൂ. ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അപകടവിവരം ലഭിച്ചയുടന്‍ തന്നെ ദുബായ് സിവില്‍ ഡിഫന്‍സ് ടീമുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയും സമയോചിത ഇടപെടലിലൂടെ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സിന്റെ വേഗത്തിലുള്ള പ്രവര്‍ത്തനം സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സഹായകമായി. സ്‌ഫോടനത്തിന്റെ വലിയ ശബ്ദവും പ്രകമ്പനവും സമീപവാസികളെയും വ്യാപാരികളെയും ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും വിദഗ്ദ്ധ പരിചരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Related News