തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റം. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നതിന് ഇനിമുതല്‍ പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും ഇനി ബിരുദ പഠനത്തിന് ചേരാനാകും. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (NCRF) അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് കോളേജുകളിലെ ഏത് ബിരുദ കോഴ്‌സുകളും തിരഞ്ഞെടുക്കാനും, ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാനും സാധിക്കും. പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും, പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് (മൂന്നാം സെമസ്റ്റര്‍) ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.
2027-28 അധ്യയന വര്‍ഷം മുതല്‍ പുതിയ പ്രവേശന രീതി നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലുകള്‍ തുറന്നിടുന്നതാണ് ഈ പുതിയ തീരുമാനം.
Related News