കൊല്ലം: വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിന് വിരാമമിട്ട് രണ്ടാഴ്ച മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി. ദമ്മാമിലെ നവയുഗം സാംസ്‌കാരികവേദി ഖോബാര്‍ തുഖ്ബ മേഖല വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ലാലു ശക്തികുളങ്ങര (54) ആണ് മരിച്ചത്. കൊല്ലം പെരിനാട് പണയം സീന ഭവനില്‍ താമസക്കാരനാണ്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം കഴിഞ്ഞ ഏഴ് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ പ്രയാസത്തിലായിരുന്ന അദ്ദേഹം, എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കുടുംബത്തോടൊപ്പം കഴിയാനായി രണ്ടാഴ്ച മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിലാണ് അപ്രതീക്ഷിത വേര്‍പാട്.
30 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ലാലു, തുഖ്ബയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. നവയുഗത്തിന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മികച്ച സംഘാടകനും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും മികച്ച സൗഹൃദബന്ധങ്ങളിലൂടെയും പ്രവാസി സമൂഹത്തിന്റെ സ്‌നേഹം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം.
സീനയാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ഥികളായ കൈലാസ്, ആകാശ് എന്നിവര്‍ മക്കളാണ്. ലാലുവിന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും അനുശോചിച്ചു.
Related News