വാഷിങ്ടണ്‍: ഇറാനുമായുള്ള ഏതൊരു സമാധാന ചര്‍ച്ചകളുടെയും ഭാഗമായി അവരില്‍നിന്ന് യുദ്ധനഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പതിറ്റാണ്ടുകളായി ടെഹ്റാന്റെ പിന്തുണയോടെയോ പങ്കാളിത്തത്തോടെയോ നടന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നിലവില്‍ നിശ്ചലാവസ്ഥയിലാണ്. ഇതിനിടെ ട്രംപ് മുന്നോട്ടുവെച്ച പുതിയ ആവശ്യങ്ങള്‍ പെട്ടെന്നൊരു ധാരണയിലെത്താനുള്ള സാധ്യതകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചു.
തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ യു.എസ് ആദ്യം യുദ്ധനഷ്ടപരിഹാരം നല്‍കണമെന്ന ഇറാന്റെ നിബന്ധനക്കുള്ള നേരിട്ടുള്ള മറുപടിയായാണ് ട്രംപിന്റെ പ്രഖ്യാപനം.
'ഇറാനില്‍നിന്ന് ഞാന്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്,' ട്രംപ് പറഞ്ഞു. നിലവിലെ യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മാത്രമല്ല, കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി യു.എസ് ലക്ഷ്യങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കും, കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇറാനിയന്‍ അധികാരികള്‍ കൊലപ്പെടുത്തിയ പ്രക്ഷോഭകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലെബനന്‍, സിറിയ, യെമന്‍, ഗാസ എന്നിവിടങ്ങളിലുണ്ടായ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഇറാന്‍ ഉത്തരവാദികളാണെന്ന് പിന്നീട് പങ്കുവെച്ച കുറിപ്പില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്നും, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ പോലും ലക്ഷ്യമിടുമെന്നും കഴിഞ്ഞ ആഴ്ച ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സമാധാന കരാര്‍ അടുത്തെത്തിയെന്ന സൂചന നല്‍കി അദ്ദേഹം അതില്‍നിന്ന് പിന്മാറി.
ഈ വിഷയത്തില്‍ താന്‍ 'മിതമായ' സമീപനമാണ് സ്വീകരിക്കുന്നതെന്ന് വാരാന്ത്യത്തില്‍ ട്രംപ് വ്യക്തമാക്കി. കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ക്ക് പകരം സാമ്പത്തിക ഉപരോധവും സമ്മര്‍ദ്ദവും ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഇറാന്‍ വൈകിപ്പിക്കുന്നതില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചില്ലെന്ന് ഡിജിറ്റല്‍ മാധ്യമമായ 'ആക്‌സിയോസ്' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
തങ്ങളുടെ തുറമുഖങ്ങള്‍ക്കു മേലുള്ള ഉപരോധം യു.എസ് അവസാനിപ്പിക്കണമെന്നും എണ്ണ വ്യവസായത്തിന്മേലുള്ള വിലക്കുകള്‍ പിന്‍വലിക്കണമെന്നുമാണ് ടെഹ്റാന്റെ പ്രാഥമിക ആവശ്യം.
ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടത് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാനും ലോക സമ്പദ്വ്യവസ്ഥയെ ഉലയ്ക്കാനും ഇടയാക്കിയിട്ടുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് ട്രംപിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.
2000-ല്‍ യു.എസ്.എസ് കോള്‍ യുദ്ധക്കപ്പലിന് നേരെ നടന്ന ബോംബാക്രമണത്തെക്കുറിച്ചും ട്രംപ് തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചു. ഇതില്‍ ഇറാന് പങ്കുണ്ടാകാന്‍ 'സാധ്യതയുണ്ടെന്ന്' അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
ഇറാനുമായുള്ള ഭാവിയിലെ ഏതൊരു ചര്‍ച്ചയിലും ഈ നഷ്ടപരിഹാര ആവശ്യങ്ങള്‍ 'ഉറച്ചുതന്നെ' മുന്നോട്ടുവെക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
Related News