ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ ബോര്‍ഡിംഗ് പാസുകളില്‍ ഇമിഗ്രേഷന്‍ വിഭാഗം ഇനി സീല്‍ പതിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രായലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് (BoI) ഈ നിര്‍ണ്ണായക തീരുമാനം എടുത്തത്. ഇതോടെ സ്മാര്‍ട്ട്‌ഫോണുകളിലെ ഇ-ബോര്‍ഡിംഗ് പാസുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
ഡല്‍ഹി ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ (FRRO) മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദീപക് യാദവ് നല്‍കിയ നിര്‍ദ്ദേശം വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിനും (CISF) കൈമാറി.
പേപ്പര്‍ ബോര്‍ഡിംഗ് പാസുകളില്‍ കൃത്യമല്ലാതെ സീല്‍ പതിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ക്കും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. സെപ്റ്റംബര്‍ ഒന്നിന് ശേഷവും യാത്രക്കാര്‍ക്ക് വേണമെങ്കില്‍ കടലാസ് ബോര്‍ഡിംഗ് പാസുകള്‍ ഉപയോഗിക്കാമെങ്കിലും അവയില്‍ ഇമിഗ്രേഷന്‍ സീല്‍ ഉണ്ടാകില്ല.
മുന്‍പ് സി.ഐ.എസ്.എഫ് സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിംഗ് പാസുകളില്‍ മുദ്ര പതിപ്പിച്ചിരുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഇത് തുടരുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളുടെ പാസ്പോര്‍ട്ടുകളില്‍ എന്‍ട്രി, എക്‌സിറ്റ് സീലുകള്‍ പതിക്കുന്ന രീതി പൂര്‍ണ്ണമായി അവസാനിപ്പിക്കാനും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള പൈലറ്റ് പ്രൊജക്റ്റ് നിലവില്‍ പുരോഗമിക്കുകയാണ്. ഇത് വിജയകരമാകുന്നതോടെ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ പരിഷ്‌കാരം നടപ്പിലാക്കും.
Related News