മസ്‌കത്ത്: 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതും നിലവിലുള്ളവ പുതുക്കി നല്‍കുന്നതും ഒമാന്‍ നിര്‍ത്തിവെച്ചു. 60 വയസ്സ് പൂര്‍ത്തിയായിട്ടും മുന്‍പ് നിലവിലുണ്ടായിരുന്ന ഇളവുകളുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടര്‍ന്നിരുന്ന നിരവധി പ്രവാസികളെ പുതിയ തീരുമാനം നേരിട്ട് ബാധിച്ചിട്ടുണ്ട്.
അടുത്തിടെ വിസ പുതുക്കുന്നതിനായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കപ്പെട്ടതായി പ്രവാസികള്‍ വ്യക്തമാക്കുന്നു. വിഷയം സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022 ജനുവരിയിലാണ് പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനുണ്ടായിരുന്ന 60 വയസ്സ് എന്ന പ്രായപരിധി ഒമാന്‍ നീക്കം ചെയ്തത്. ഇതോടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുഭവസമ്പന്നരായ മുതിര്‍ന്ന ജീവനക്കാരെ 60 വയസ്സിന് ശേഷവും ജോലിയില്‍ നിലനിര്‍ത്താന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍, നിലവിലെ നടപടി ഈ നയത്തില്‍ വരുത്തിയ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 60 വയസ്സ് കഴിഞ്ഞ തൊഴിലാളികളുടെ വിസ പുതുക്കല്‍ അപേക്ഷകള്‍ തൊഴിലുടമകള്‍ സമര്‍പ്പിക്കുമ്പോള്‍ സിസ്റ്റം നിരസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ തീരുമാനം ഒമാനിലെ തങ്ങളുടെ തൊഴിലിനെയും താമസസ്ഥിതിയെയും കുറിച്ച് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചതായി ബാധിക്കപ്പെട്ട പ്രവാസികള്‍ പറയുന്നു. അതേസമയം, ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക ഉത്തരവുകളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. വിസ പുതുക്കി ലഭിക്കാത്ത സാഹചര്യത്തില്‍ പലരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. നിര്‍ദ്ദിഷ്ട പെര്‍മിറ്റുകളില്ലാതെ രാജ്യത്ത് തുടരുന്നത് കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും.
Related News