ടെഹ്‌റാന്‍: രാജ്യത്തെ 'യുദ്ധവുമല്ല സമാധാനവുമല്ല' എന്ന അവസ്ഥയില്‍ നിന്ന് മുന്നോട്ട് നയിക്കാന്‍ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം (MoU) മാത്രമാണ് മികച്ച മാര്‍ഗമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ രാജ്യത്തിന്റെ അന്തസ്സും വിവേകവും ദേശീയ താല്‍പ്പര്യവും മുന്‍നിര്‍ത്തി കൈക്കൊണ്ട ഏറ്റവും അനുയോജ്യമായ തീരുമാനമാണിതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ (IRNA) പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
ധാരണാപത്രത്തിലെ ഒരു വ്യവസ്ഥയും കീഴടങ്ങലിന് തുല്യമല്ലെന്നും പരമോന്നത നേതാവ് നിശ്ചയിക്കുന്ന നയങ്ങള്‍ പൂര്‍ണ്ണമായി പിന്തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച ധാരണാപത്രത്തിലെ 60 ദിവസത്തെ സമയപരിധി അവസാനിച്ചിട്ടും ആണവ പദ്ധതിയെക്കുറിച്ചും സമുദ്രപാതയായ ഹോര്‍മുസ് തുറക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്താനായിട്ടില്ല.
തീവ്രമായ ഉപരോധങ്ങളും നാവിക ഉപരോധവും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനിലേക്ക് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ നിലവിലെ സാഹചര്യം മാറ്റേണ്ടതുണ്ടെന്നും പെസെഷ്‌കിയാന്‍ ചൂണ്ടിക്കാട്ടി. യു.എസ് ഉപരോധം കാരണം രാജ്യം കടുത്ത സാമ്പത്തിക, സൈനിക, സുരക്ഷാ യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനെതിരെയുള്ള യു.എസ് സാമ്പത്തിക ഉപരോധങ്ങളില്‍ പങ്കാളികളാകുന്ന അയല്‍രാജ്യങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുതിയ മേധാവി മൊഹ്‌സെന്‍ റെസായി രംഗത്തെത്തി.
യു.എസ് നീക്കത്തിന് പിന്തുണ നല്‍കിയാല്‍ വിനാശകരമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് രാജ്യത്തെ ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉപരോധത്തില്‍ പങ്കാളികളായാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയുള്ള എണ്ണക്കപ്പല്‍ പാതകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തുമെന്നും റെസായി വ്യക്തമാക്കി.
Related News