ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) അഡൈ്വസറി കമ്മിറ്റി അംഗവും പ്രമുഖ നാടക കലാകാരനുമായ ജോര്‍ജ് വര്‍ഗീസിന് പി.ജെ.എസിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 15 വര്‍ഷമായി പി.ജെ.എസിന്റെ നേതൃത്വനിരയിലെ അവിഭാജ്യ വ്യക്തിത്വമായിരുന്ന അദ്ദേഹം, ജിദ്ദയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
സംഘടനയുടെ വിവിധ ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നിന്ന് നേതൃത്വം നല്‍കിയ ജോര്‍ജ് വര്‍ഗീസ്, നാടക സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ ജിദ്ദയിലെ കലാസ്വാദകരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വേദിയിലെ വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രവാസി കലാസ്വാദകര്‍ എന്നും നെഞ്ചിലേറ്റുന്നവയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. പി.ജെ.എസിന് പുറമെ ജിദ്ദയിലെ വിവിധ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകളുടെയും പൊതുപ്രവര്‍ത്തനങ്ങളുടെയും മുന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇവിടുത്തെ മലയാളി പൊതുസമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു.
ജോര്‍ജ് വര്‍ഗീസിന്റെ മടക്കയാത്ര സംഘടനയെ സംബന്ധിച്ച് വലിയൊരു നഷ്ടമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ പി.ജെ.എസ് പ്രസിഡന്റ് മാത്യു തോമസ്, രക്ഷാധികാരി അയൂബ്ഖാന്‍ പന്തളം, ജനറല്‍ സെക്രട്ടറി മനു പ്രസാദ്, ട്രഷറര്‍ ദിലീഫ് ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ അനില്‍ കുമാര്‍, സിയാദ് അബ്ദുള്ള, ജോയിന്റ് സെക്രട്ടറി വിലാസ് അടൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വര്‍ഗീസ് ഡാനിയല്‍, അലി തേക്ക്‌തോട്, സജി ജോര്‍ജ്, മുനീര്‍, എബി ചെറിയാന്‍, അബീഷ് ജോസഫ്, എന്‍. ഐ. ജോസഫ്, ജയന്‍ നായര്‍, സന്തോഷ് ജീ നായര്‍, ജോസഫ് വര്‍ഗീസ്, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാര്‍, വിനോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Related News