റിയാദ്: ആഗോള ഇ സ്‌പോര്‍ട്‌സ് മാമാങ്കമായ 'ഇ സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പിന്റെ' (EWC) സമാപന ചടങ്ങിന് പാരിസ് സാക്ഷ്യം വഹിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സമാപന ചടങ്ങില്‍ പങ്കെടുത്തു. സൗദി അറേബ്യക്ക് പുറത്ത് ആദ്യമായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വീഡിയോ ഗെയിമുകള്‍ മുതല്‍ ചെസ്സ് വരെയുള്ള ഇ സ്‌പോര്‍ട്‌സ് ഇനങ്ങളിലെ ലോകോത്തര താരങ്ങള്‍ അണിനിരന്ന ആദ്യ രണ്ട് പതിപ്പുകള്‍ക്കും റിയാദാണ് ആതിഥേയത്വം വഹിച്ചിരുന്നത്. എന്നാല്‍ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് 2026-ലെ പോരാട്ടങ്ങള്‍ക്ക് പാരിസ് വേദിയായത്.
കഴിഞ്ഞ മേയില്‍ വേദി പ്രഖ്യാപിച്ചതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച രീതിയിലാണ് ഫ്രഞ്ച് തലസ്ഥാനം മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജൂലൈ 3-ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ 100-ലധികം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം കളിക്കാരും ഇരുനൂറോളം ക്ലബ്ബുകളും പങ്കെടുത്തു.
ഞായറാഴ്ച നടന്ന ഫൈനലില്‍ സൗദി അറേബ്യയുടെ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ടീം ഫോള്‍ക്കണ്‍സിനെ പരാജയപ്പെടുത്തി ചൈനീസ് ടീമായ 'ഓള്‍ ഗെയിമേഴ്‌സ്' കിരീടം ചൂടി. ജേതാക്കള്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രോഫികള്‍ സമ്മാനിച്ചു. 160-ലധികം രാജ്യങ്ങളില്‍ ഒടിടി, സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ വഴി തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ അടുത്ത പതിപ്പ് റിയാദില്‍ തന്നെ നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.