അബൂദാബി: ആകാശത്തെ പെഴ്സീഡ്‌സ് ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥകള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി നബാനിപ സിന്‍ഹ (ദിയ) മരണപ്പെട്ടു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം കാത്തിരിക്കവെയാണ് ദിയയുടെ വേര്‍പാട്. കൂടെയുണ്ടായിരുന്ന സഹോദരനും യു.എസിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ ദീപ്താന്‍ഷു (20), വാഹനം ഓടിച്ചിരുന്ന സുഹൃത്ത് നിരഞ്ജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആഗസ്റ്റ് 13ന് പുലര്‍ച്ചെ അബൂദാബിയിലെ പ്രശസ്തമായ ആകാശനിരീക്ഷണ കേന്ദ്രമായ അല്‍ ഖുവയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു അപകടം. രാത്രിവൈകിയുള്ള യാത്ര ഒഴിവാക്കാന്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷമേ മടങ്ങാവൂ എന്ന് മാതാപിതാക്കള്‍ നിര്‍ദേശിച്ചിരുന്നു. 'വീട്ടിലെത്താറായി' എന്ന് നബാനിപയും ദീപ്താന്‍ഷുവും സന്ദേശമയച്ച് മിനിറ്റുകള്‍ക്കകമാണ് അപകടവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.
അപകടത്തില്‍ പരിക്കേറ്റ ദീപ്താന്‍ഷുവിനെ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും തുടര്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നിരഞ്ജന്റെ നിലയും ഗുരുതരമായി തുടരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട 'ദിയ'യുടെ (വെളിച്ചം) വേര്‍പാട് താങ്ങാനാകാതെ തകര്‍ന്നിരിക്കുകയാണ് ഈ പ്രവാസി കുടുംബം. 'അവള്‍ ഞങ്ങളുടെ വെളിച്ചവും എനിക്ക് നല്ലൊരു കൂട്ടുകാരിയുമായിരുന്നു. ഞങ്ങളുടെ ലോകം മുഴുവന്‍ അവള്‍ക്ക് ചുറ്റുമായിരുന്നു,' എന്ന് മാതാവ് ആത്രേയി സിന്‍ഹ ഓര്‍ത്തെടുത്തു. സ്വന്തം അമ്മയുടെ സാന്നിധ്യമാണ് മകളില്‍ കണ്ടിരുന്നതെന്നും കുടുംബത്തിന് സന്തോഷവും പ്രചോദനവും നല്‍കിയിരുന്ന മകളുടെ വേര്‍പാട് നികത്താനാവാത്തതാണെന്നും പിതാവ് ദിഗന്ത സിന്‍ഹ പറഞ്ഞു.
പഠനത്തില്‍ എന്നും മുന്‍പന്തിയിലായിരുന്ന നബാനിപ, കൊമേഴ്‌സ് വിഭാഗത്തില്‍ സ്‌കൂളില്‍ രണ്ടാം റാങ്കോടെയാണ് വിജയിച്ചത്. ദുബായിലെ സര്‍വകലാശാലയില്‍ അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിന് 50 ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഈ ദുരന്തം. ദുബായ് ജബല്‍ അലിയിലെ ന്യൂ സോനാപ്പൂര്‍ ശ്മശാനത്തില്‍ ഭൗതികദേഹം സംസ്‌കരിച്ചു.
രാത്രികാല യാത്രക്കാരുടെയും ആകാശനിരീക്ഷകരുടെയും പ്രിയപ്പെട്ട കേന്ദ്രമായ അല്‍ ഖുവ പാതയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മുന്‍പ് ഗാലക്‌സി കാഴ്ചകള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേ വാഹനം മറിഞ്ഞ് മലയാളി പ്രവാസിയായ ശരത് ശശിധരന്‍ (36) മരണപ്പെട്ടതും ഇതേ റോഡിലായിരുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന പ്രവാസികള്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Related News