മക്ക: അന്താരാഷ്ട്ര ഉംറ പാക്കേജുകളില്‍ മക്കയിലെ ചരിത്രപരവും സാംസ്‌കാരികവുമായ കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തീര്‍ത്ഥാടന അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30 ലക്ഷത്തിലധികം തീര്‍ത്ഥാടകരെ പ്രതിനിധീകരിച്ച് എഴുപതിലധികം ഉംറ-ട്രാവല്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ മക്കയില്‍ സന്ദര്‍ശനം നടത്തി.
റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളീ സൈറ്റ്സ്, ഹജ്ജ് ഉംറ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പരിചയപ്പെടുത്തല്‍ സന്ദര്‍ശനം സംഘടിപ്പിച്ചത്. തീര്‍ത്ഥാടകര്‍ക്ക് കേവലം ഉംറ ചടങ്ങുകള്‍ക്കപ്പുറം മക്കയിലെ ചരിത്ര സാംസ്‌കാരിക പാരമ്പര്യം നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നാല് പ്രധാന കേന്ദ്രങ്ങളും നാല് പ്രത്യേക അനുഭവങ്ങളുമാണ് ടൂറിന്റെ ഭാഗമായി പ്രതിനിധികള്‍ക്കായി ഒരുക്കിയിരുന്നത്. പ്രദേശത്തെ സേവനങ്ങളും സൗകര്യങ്ങളും നേരിട്ട് വിലയിരുത്താന്‍ ഇത് ഏജന്‍സികള്‍ക്ക് സഹായകമായി. കൂടാതെ, യാത്രാ ആസൂത്രണത്തിന് സഹായകമാകുന്ന 'ഡിസ്‌കവര്‍ മക്ക' പ്ലാറ്റ്ഫോമും പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി.
ഉംറ ഏജന്‍സികളും പ്രാദേശിക സര്‍വീസ് പ്രൊവൈഡര്‍മാരും തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്താനും പങ്കാളിത്ത കരാറുകളില്‍ ഏര്‍പ്പെടാനും ഈ സന്ദര്‍ശനം വഴിയൊരുക്കി. വിവിധ ഭാഷകള്‍ സംസാരിക്കുന്ന തദ്ദേശീയരായ സൗദി ഗൈഡുകളുടെ സേവനവും ഏജന്‍സികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. മക്കയുടെ ചരിത്രവും പാരമ്പര്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സ്വദേശി പ്രതിഭകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.