അല്‍ അഹ്‌സ: മൂന്നര പതിറ്റാണ്ട് കാലം പ്രവാസിയും, ആദ്യകാല ഒഐസിസി ഷുഖൈഖ് യൂണിറ്റ് പ്രസിഡന്റും, അല്‍ അഹ്‌സ ഒഐസിസി അംഗവും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ശാഹുല്‍ ഹമീദ് പൊന്നാനിയുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.
34 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ഒരു വര്‍ഷം മുമ്പാണ് ഹമീദ് പൊന്നാനി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷം വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസും മറ്റു ചികിത്സകളുമായി മുന്നോട്ട് പോയെങ്കിലും ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് ഓഗസ്റ്റ് 8-ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.
അല്‍ അഹ്‌സയിലെ ഷുഖൈഖില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഉസ്താദ് ഫാറൂഖ് സഅദി നേതൃത്വം നല്‍കി. തുടര്‍ന്ന് ഒഐസിസി അല്‍ അഹ്‌സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ വാച്ചാക്കല്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും അല്‍ അഹ്‌സ ഒഐസിസി വൈസ് പ്രസിഡന്റുമായ അര്‍ശദ് ദേശമംഗലം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ മറന്നുപോയ അനേകായിരം പ്രവാസികള്‍ക്ക് ഉത്തമ ഉദാഹരണമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ഹമീദ്ക്കയെന്നും, സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വാടകവീട്ടിലാണ് അദ്ദേഹം മരണപ്പെട്ടതെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
ഒഐസിസി ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റഫീഖ് വയനാട്, നവാസ് കൊല്ലം, ജനറല്‍ സെക്രട്ടറി റഷീദ് വരവൂര്‍, ട്രഷറര്‍ ഷിജോമോന്‍ വര്‍ഗ്ഗീസ്, നവോദയ ഷുഖൈഖ് യൂണിറ്റ് പ്രസിഡന്റ് കൃഷ്ണന്‍, നവയുഗം ഷുഖൈഖ് യൂണിറ്റ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍, അനിരുദ്ധന്‍ കായംകുളം, ഷാനി ഓമശ്ശേരി, ലിജു വര്‍ഗ്ഗീസ്, മൊയ്തു അടാടിയില്‍, ഹഫ്‌സല്‍ മേലേതില്‍, നൗഷാദ് താനൂര്‍, ഷിബു മുസ്തഫ, സെബാസ്റ്റ്യന്‍ വി.പി, അനീഷ് സനയ്യ, റിജോ ഉലഹന്നാന്‍, ജിബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നിസാം വടക്കേകോണം സ്വാഗതവും അനില്‍കുമാര്‍ ഷുഖൈഖ് നന്ദിയും പറഞ്ഞു.
Related News