വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'കടലിടുക്ക് ഇപ്പോള്‍ അമേരിക്കയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്‌ട്രെയിറ്റ്' എന്ന് മാറ്റണ്ടേ? അമേരിക്കയെപ്പോലെ തന്നെ ഇതും എക്കാലത്തെക്കാളും കൂടുതല്‍ തിളക്കമുള്ളതാകും,' എന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' കുറിച്ചു.
അധികാരമേറ്റ ശേഷം ട്രംപ് മുന്നോട്ടുവെക്കുന്ന പ്രമുഖ ഭൂമിശാസ്ത്രപരമായ പേരുമാറ്റങ്ങളില്‍ അവസാനത്തേതാണ് ഇത്. കാനഡയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക് അമേരിക്ക' എന്ന് മാറ്റാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. കൂടാതെ, 2025 ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ ദിനം മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്നും അദ്ദേഹം പുനര്‍നാമകരണം ചെയ്തിരുന്നു. എന്നാല്‍ കാനഡയോ മെക്‌സിക്കോയോ ഈ മാറ്റങ്ങള്‍ അംഗീകരിച്ചിട്ടില്ല.
നേരത്തെ തമാശയായി പറഞ്ഞ പല കാര്യങ്ങളും പിന്നീട് ട്രംപ് ഔദ്യോഗികമായി നടപ്പിലാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്കിന്മേല്‍ പരമാധികാരം അവകാശപ്പെടുമെന്ന് അടുത്തിടെയായി ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. ഈ പ്രദേശം പുതിയ അമേരിക്കന്‍ ഭൂഭാഗമായി ചിത്രീകരിക്കുന്ന ഭൂപടവും അദ്ദേഹം മുന്‍പ് പങ്കുവെച്ചിരുന്നു.
അതേസമയം, ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തുടങ്ങിയ യുദ്ധത്തിന് തിരിച്ചടിയായി, ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയില്‍ കടന്നുപോകുന്ന ഈ സുപ്രധാന പാത ഇറാന്‍ തടഞ്ഞിരിക്കുകയാണ്. കടലിടുക്കില്‍ ഇറാന്‍ വീണ്ടും നാവിക മൈനുകള്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചതിന് മറുപടിയായി യുഎസ് സേന കഴിഞ്ഞ ദിവസം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു.
ഇറാനെതിരെയുള്ള പുതിയ സൈനിക നീക്കങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. 'മൈനുകള്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള ഇറാന്റെ നീക്കം നമ്മള്‍ തകര്‍ത്തു. കൂടാതെ തകര്‍ന്ന റഡാര്‍, മിസൈല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച പുതിയ പ്രതിരോധ-ആക്രമണ ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. ശക്തമായ ആക്രമണമാണ് കഴിഞ്ഞ രാത്രിയില്‍ ഉണ്ടായത്, ആവശ്യമെങ്കില്‍ ഇനിയും അത്തരം ആക്രമണങ്ങള്‍ക്ക് തയ്യാറാണ്,' എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
Related News