കയ്‌റൊ: ഈജിപ്തില്‍ പ്രമുഖ ടെലിവിഷന്‍ അവതാരകയായ സാറ ഖലീഫയ്ക്കും മറ്റ് 11 പേര്‍ക്കും മയക്കുമരുന്ന് കേസില്‍ വധശിക്ഷ വിധിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെയ്‌റോ കോടതിയാണ് തൂക്കിലേറ്റി വധിക്കാനുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ഖലീഫ കുറ്റം നിഷേധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
39കാരിയായ സാറ ഖലീഫ മിഷന്‍ ഇംപോസിബിള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ശ്രദ്ധേയയായത്. സുരക്ഷയും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പരിപാടിയുടെ പ്രധാന ഉള്ളടക്കം. ടെലിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കും പാര്‍ട്ടികളും പരിപാടികളും സംഘടിപ്പിക്കുന്ന ഒരു പ്രൊഡക്ഷന്‍ കമ്പനിയും അവര്‍ നടത്തുന്നുണ്ട്.
മയക്കുമരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് കൃത്രിമ മയക്കുമരുന്ന് നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സംഘടിത ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ലൈസന്‍സില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും കൈവശം വെച്ചതായും കുറ്റം ചുമത്തിയിട്ടുണ്ട്.
അന്വേഷണത്തിനിടെ 50 കിലോഗ്രാമിലധികം മയക്കുമരുന്നും നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് നിര്‍മാണശാലകളായി ഉപയോഗിച്ചിരുന്നുവെന്ന് ആരോപിക്കുന്ന രണ്ട് ഫ്‌ലാറ്റുകളും ലൈസന്‍സില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ 20 സാക്ഷികള്‍ പ്രോസിക്യൂഷന് മൊഴി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണങ്ങളും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ സെപ്റ്റംബറില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മയക്കുമരുന്നുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഖലീഫ പറഞ്ഞിരുന്നു. മയക്കുമരുന്ന് ആദ്യമായി കണ്ടത് പോലും മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ ഓഫീസില്‍ അതുമായി ബന്ധപ്പെട്ട് തന്റെ ചിത്രം എടുത്തപ്പോഴാണെന്നും അവര്‍ വാദിച്ചു.
ഇതിന് പുറമെ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന മറ്റൊരു കേസിലും ഖലീഫയ്ക്കും മറ്റ് പ്രതികള്‍ക്കും അഞ്ചുവര്‍ഷം തടവ് കോടതി വിധിച്ചിട്ടുണ്ട്.
വധശിക്ഷ വിധിക്കുന്നതിന് മുമ്പ് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ മതപരമായ അഭിപ്രായം കോടതി തേടിയിരുന്നു. വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റങ്ങളില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, ഭീകരവാദം, ചില ബലാത്സംഗക്കേസുകള്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയവ ഈജിപ്തില്‍ ഉള്‍പ്പെടുന്നു. 2025ല്‍ മാത്രം രാജ്യത്ത് 541 വധശിക്ഷാ വിധികള്‍ പുറപ്പെടുവിച്ചതായി ഈജിപ്ഷ്യന്‍ കമ്മീഷന്‍ ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
Related News