ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യാ നികേതനില്‍ ഞായറാഴ്ച ഉച്ചയോടെ ബഹുനില കെട്ടിടം തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അധികപേരും വിദ്യാര്‍ഥികളാണ്. ഡല്‍ഹി ഫയര്‍ സര്‍വീസും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞയുടന്‍ 12 അഗ്‌നിശമന സേനാ യൂണിറ്റുകളും വിവിധ വകുപ്പുകളുടെ രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. പോലീസ് പ്രദേശം പൂര്‍ണ്ണമായി വളയുകയും സുരക്ഷാ വലയത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
അപകടം നടന്നയുടന്‍ പ്രദേശവാസികളും ദൃക്‌സാക്ഷികളും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്വന്തം കൈകളും ലഭ്യമായ ഉപകരണങ്ങളും ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിനെത്തുടര്‍ന്ന് ആറുപേരെ ഇതിനോടകം രക്ഷപ്പെടുത്താന്‍ സാധിച്ചു. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത കടുത്ത ആശങ്ക രേഖപ്പെടുത്തി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്നും അവര്‍ വ്യക്തമാക്കി.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യാ നികേതന്‍ വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. നിരവധിയായ ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് താമസകേന്ദ്രങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Related News