റിയാദ് സൗദി ഭരണകൂടത്തിന്റെ നൂറ്റാണ്ടുകളായുള്ള സുരക്ഷാ പാരമ്പര്യവും അത് രാജ്യത്തിന്റെ സുസ്ഥിരത, വികസനം, സമൃദ്ധി എന്നിവയില്‍ വഹിച്ച പങ്കും അവലോകനം ചെയ്യുന്ന 'സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി ഡയലോഗ് 2026' മൂന്ന് ദിവസത്തെ സമ്മേളനത്തിന് റിയാദില്‍ തുടക്കമായി. സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നാഇഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പരിപാടി 'നമ്മുടെ ചരിത്രവും നമ്മുടെ ഭാവി: സുരക്ഷയും വികസനവും' എന്ന പ്രമേയത്തിലാണ് നടക്കുന്നത്. നൂറിലധികം പ്രാസംഗികരും 65-ലധികം ചര്‍ച്ചാ സെഷനുകളും ഇന്ററാക്ടീവ് മീറ്റിംഗുകളും ഇതിന്റെ ഭാഗമായി നടക്കും. സൗദി ഭരണകൂടത്തിന്റെ ചരിത്രത്തിലുടനീളമുള്ള സുരക്ഷാ പരിണാമം വ്യക്തമാക്കുന്ന എക്‌സിബിഷനും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സുരക്ഷയും വികസനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൗദി അറേബ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരെയും ഗവേഷകരെയും ഒരുമിപ്പിക്കുന്ന ദേശീയ വേദിയാണ് ഈ സമ്മേളനമെന്ന് ജനറല്‍ സൂപ്പര്‍വൈസര്‍ അഹമ്മദ് അല്‍ തു വൈ യാന്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രപരമായ മുന്നേറ്റത്തെക്കുറിച്ചുള്ള അറിവുകള്‍ നല്‍കുക, ദേശീയ ഐഡന്റിറ്റിയും പൗരബോധവും ശക്തിപ്പെടുത്തുക, വരുംതലമുറയ്ക്ക് സൗദി കഥകള്‍ കൈമാറുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒന്നാം സൗദി ഭരണകൂടത്തിന്റെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള രാജ്യത്തിന്റെ സുരക്ഷാ പുരോഗതി സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും സുരക്ഷ എങ്ങനെ ഒരു അടിസ്ഥാന സമീപനമായി മാറിയെന്ന് സമ്മേളനം പരിശോധിക്കുന്നു. ദേശീയ ബോധവല്‍ക്കരണം, സാംസ്‌കാരിക സുരക്ഷ, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സുരക്ഷയുടെ പങ്ക് എന്നിവയും ചര്‍ച്ച വിഷയങ്ങളാകും.
സൗദിയുടെ വികസനത്തെയും പ്രകടനത്തെയും ചരിത്രകാരനായ ഡോ. ബഷാര്‍ മറൂഫ് പ്രശംസിച്ചു. 1373 ഹിജ്‌റ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ആദ്യമായി സൗദി അറേബ്യ സന്ദര്‍ശിച്ച വിവരവും തുടര്‍ന്നുള്ള സന്ദര്‍ശനങ്ങളില്‍ കണ്ട ദ്രുതഗതിയിലുള്ള മാറ്റങ്ങളും അദ്ദേഹം അനുസ്മരിച്ചു. നാഗരികത കെട്ടിപ്പടുക്കുന്നതിനും സമൂഹങ്ങളുടെ അഭിവൃദ്ധിക്കും സുരക്ഷ അടിസ്ഥാന തൂണാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സമ്മേളനത്തിന്റെ ലക്ഷ്യങ്ങളും ശാസ്ത്രീയ പരിപാടികളും വ്യക്തമാക്കുന്ന ഡോക്യുമെന്ററി ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് മുന്നോടിയായി പങ്കാളികളായ സ്ഥാപനങ്ങള്‍ ഒരുക്കിയ ചരിത്ര-വിദ്യാഭ്യാസ പ്രദര്‍ശനം ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു.
2025-ല്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച സുരക്ഷാ-ചരിത്ര ഫോറത്തിന്റെ തുടര്‍ച്ചയായാണ് ഈ സമ്മേളനം. കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സ് (ദാറ) ആണ് ചരിത്രപരമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പങ്കാളികളാകുന്നത്. പ്രതിരോധ മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി എന്നിവയ്ക്ക് പുറമെ 40-ലധികം അക്കാദമിക്, മാധ്യമ, സാംസ്‌കാരിക സംഘടനകളും ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കാളികളാണ്. സൗദി അറേബ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 8 വരെ തുടരും.
Related News