റിയാദ്: സ്വിസ്‌പോര്‍ട്ട് സൗദി അറേബ്യയുടെ 10 ശതമാനം ഓഹരികള്‍ 1.33 കോടി ഡോളറിന് (ഏകദേശം 5 കോടി സൗദി റിയാല്‍) സൗദിയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈനാസ് സ്വന്തമാക്കി. രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലെയും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ ഉള്‍പ്പെടുന്ന പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് ഈ നീക്കം. സൗദി എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പുതിയ സേവന കരാര്‍ പുതുക്കുമ്പോള്‍ അധികമായി 10 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനുള്ള അവകാശവും ഫ്‌ലൈനാസ് നേടിയിട്ടുണ്ട്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സൗദി അറേബ്യയിലെ ആഭ്യന്തര നെറ്റ്വര്‍ക്കിലുടനീളം ഫ്‌ലൈനാസിന്റെ എക്‌സ്‌ക്ലൂസീവ് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പങ്കാളിയായി സ്വിസ്‌പോര്‍ട്ട് മാറും.
സെപ്റ്റംബര്‍ 6-ന് പ്രാബല്യത്തില്‍ വന്ന ഈ ഇടപാടിനുള്ള തുക ഫ്‌ലൈനാസിന്റെ ആന്തരിക ഫണ്ടുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷന്‍ എന്നിവയുടെ അന്തിമാനുമതികള്‍ക്ക് വിധേയമായിരിക്കും കരാര്‍ പൂര്‍ത്തീകരണം.
അഞ്ചു വര്‍ഷത്തെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവന കരാറാണ് ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2027 മാര്‍ച്ച് 6 മുതല്‍ 2032 മാര്‍ച്ച് 5 വരെയാണ് ഈ കരാറിന്റെ കാലാവധി. ഇരു വിഭാഗങ്ങളുടെയും പരസ്പര സമ്മതപ്രകാരം കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാനും വ്യവസ്ഥയുണ്ട്.
ഇതിന്റെ ഭാഗമായി നിലവിലെ സേവന ദാതാക്കളായ സൗദി ഗ്രൗണ്ട് സര്‍വീസസ് കമ്പനിക്കുള്ള കരാര്‍ അവസാനിപ്പിക്കല്‍ നോട്ടീസ് ഫ്‌ലൈനാസ് നല്‍കി. 2027 മാര്‍ച്ച് 6-ഓടെ ഈ കരാര്‍ അവസാനിക്കും. പുതിയ കരാര്‍ തുകയുടെ കൃത്യമായ കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സ്വിസ്‌പോര്‍ട്ടുമായുള്ള വാര്‍ഷിക ഇടപാട് തുക ഫ്‌ലൈനാസിന്റെ ആകെ വരുമാനത്തിന്റെ 5 ശതമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വിസ്‌പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജി, അസ്യദ് ഹോള്‍ഡിംഗ് എന്നിവരില്‍ നിന്നാണ് ഫ്‌ലൈനാസ് ഓഹരികള്‍ സ്വന്തമാക്കുന്നത്. നിശ്ചിത തുകയ്ക്ക് പുറമെ കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിസ്സാരമായ വേരിയബിള്‍ ഇക്വിറ്റി തുകയും ഫ്‌ലൈനാസ് നല്‍കും.
പാസഞ്ചര്‍ ഹാന്‍ഡ്ലിംഗ്, ഗ്രൗണ്ട് മാനേജ്മെന്റ്, കാര്‍ഗോ, ബാഗേജ് ഹാന്‍ഡ്ലിംഗ് തുടങ്ങിയ സേവനങ്ങളാണ് സ്വിസ്‌പോര്‍ട്ട് സൗദി അറേബ്യ നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ വളര്‍ച്ചയാണ് സ്വിസ്‌പോര്‍ട്ട് കൈവരിക്കുന്നത്. 2026 ആദ്യ പകുതിയില്‍ 422 കോടി സൗദി റിയാല്‍ വരുമാനം നേടിയതായി ഫ്‌ലൈനാസ് സാമ്പത്തിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Related News