ജിദ്ദ: ജിദ്ദ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി (JDCC) സംഘടിപ്പിക്കുന്ന രണ്ടാമത് ഫാമിലി കോണ്‍ഫറന്‍സ് 2.0 നവംബര്‍ 27 വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കും. 'വിശ്വാസം - കുടുംബം - സമൂഹം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മേളനം പ്രവാസി മുസ്ലിം കുടുംബങ്ങള്‍ നേരിടുന്ന വിശ്വാസപരവും സാമൂഹികവും ധാര്‍മികവുമായ വെല്ലുവിളികള്‍ക്ക് ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ലക്ഷ്യമിടുന്നത്.
തൗഹീദിലധിഷ്ഠിതമായ കുടുംബ അന്തരീക്ഷം സൃഷ്ടിക്കുക, കുടുംബബന്ധങ്ങള്‍ ദൃഢമാക്കുക, സാംസ്‌കാരിക അപചയങ്ങള്‍, ലഹരി, ഡിജിറ്റല്‍ ദുരുപയോഗം, നിരീശ്വരവാദം എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ദൗത്യങ്ങള്‍. വൈവാഹിക പ്രശ്‌നങ്ങള്‍, വിവാഹമോചനങ്ങള്‍, പാരന്റിംഗ്, കൗമാരക്കാരുടെയും വയോജനങ്ങളുടെയും ആശങ്കകള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയ്ക്ക് പ്രായോഗിക ഇസ്ലാമിക പരിഹാരങ്ങള്‍ നല്‍കാനും സമ്മേളനം ലക്ഷ്യമിടുന്നു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി ഏരിയതല കണ്‍വെന്‍ഷനുകള്‍, ദഅവാ വര്‍ക്ഷോപ്പുകള്‍, യൂത്ത് സമ്മിറ്റ്, വനിതാ സമ്മേളനം, ബാലസംഗമം, മെഡിക്കല്‍ ക്യാമ്പ്, പുസ്തകമേള തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
അനസ് ബിന്‍ മാലിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് ഫായിസ് അബ്ദുല്ല അസ്സഹ്ലിയാണ് കോണ്‍ഫറന്‍സ് പ്രഖ്യാപനം നടത്തിയത്. JDCC പ്രസിഡന്റ് സുനീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശൈഖ് അബ്ദുല്‍ അസീസ് ഇദ്രീസ് മുഹമ്മദ് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഉമര്‍ മുഖ്താര്‍ അല്‍-ഹികമി, ഡോ. സുല്‍ഫിക്കര്‍ സ്വലാഹി, അബ്ദുര്‍റഊഫ് അല്‍-ഹികമി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സക്കീര്‍ ഹുസൈന്‍ എടവണ്ണ (MES), അബൂബക്കര്‍ അരിമ്പ്ര (KMCC), നജുമുദ്ദീന്‍ (തനിമ), ഹംസ നിലമ്പൂര്‍ (JIIC), ഹക്കീം പാറക്കല്‍ (OICC) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, സെക്രട്ടറി നൗഫല്‍ പീടിയേക്കല്‍ എന്നിവരും പങ്കെടുത്തു.
Related News