ദുബായ്: ചലച്ചിത്ര രംഗത്ത് വനിതാ സംവിധായകര്‍ നേരിടുന്ന ലിംഗവിവേചനത്തെയും അവസരസമത്വമില്ലായ്മയെയും കുറിച്ചുള്ള ആശങ്കകള്‍ പരസ്യമാക്കി സംവിധായിക മെയ് എല്‍-തൂഖി. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡാനിഷ്-ഈജിപ്ഷ്യന്‍ സംവിധായികയായ മെയ് സിനിമ മേഖലയിലെ ഘടനാപരമായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നടിച്ചത്.
'ഇതൊരു ഘടനാപരമായ പ്രശ്‌നമാണ്, എന്റെ കരിയറിലുടനീളം എനിക്ക് നേരിടേണ്ടി വന്നതും ഇതുതന്നെയാണ്,' മെയ് എല്‍-തൂഖി പറഞ്ഞു. ഇത്തവണ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിനായുള്ള 21 മത്സര ചിത്രങ്ങളില്‍ ഒരു വനിത സംവിധാനം ചെയ്ത ഒരേയൊരു ഫിക്ഷന്‍ ചിത്രം മെയ് എല്‍-തൂഖിയുടേതാണ്. മത്സ
രവിഭാഗത്തിലെ ഒരേയൊരു ഡോക്യുമെന്ററി ചിത്രത്തിന് മാത്രമാണ് ഒരു വനിതാ സഹസംവിധായികയുള്ളത്. ഇത് ചലച്ചിത്ര രംഗത്തെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
ഫിലിം സ്‌കൂള്‍ പഠനത്തിന് ശേഷം തന്റെ ആദ്യ ചിത്രം പൂര്‍ത്തിയാക്കാന്‍ ആറുമുതല്‍ ഏഴു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നുവെന്നും, എന്നാല്‍ സഹപാഠികളായ പുരുഷ സംവിധായകര്‍ക്ക് വളരെ വേഗത്തില്‍ അവസരങ്ങള്‍ ലഭിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'മീ ടൂ' മുന്നേറ്റത്തിന് ശേഷം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലിംഗവിവേചനം പഴയ അവസ്ഥയിലേക്ക് തന്നെ തിരികെ പോകുന്ന പ്രതികൂല സാഹചര്യമാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'വുമണ്‍ അണ്‍നോണ്‍' ആണ് മെയ് എല്‍-തൂഖിയുടെ പുതിയ ചിത്രം. ജര്‍മ്മന്‍ സേനയുടെ അധിനിവേശത്തില്‍ നിന്ന് മോചിതമായ ഡെന്മാര്‍ക്കില്‍, ജര്‍മ്മന്‍ സൈനികരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പരസ്യമായി അപമാനിക്കപ്പെട്ട സ്ത്രീകളുടെ കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. സിനിമയുടെ ഈ പ്രമേയം താന്‍ ഉന്നയിച്ച വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും, സ്ത്രീകളുടെ അദൃശ്യതയെയും ശബ്ദമില്ലായ്മയെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
തന്റെ ചിത്രം മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും, ഒപ്പം കൂടുതല്‍ വനിതാ സംവിധായകര്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മെയ് എല്‍-തൂഖി വ്യക്തമാക്കി.
Related News