ജിദ്ദ: പലിശസമ്പ്രദായം പൂര്‍ണ്ണമായും ഇല്ലാതാകുമ്പോള്‍ മാത്രമേ ലോകം നന്നാവുകയുള്ളൂ എന്ന് ദുബായ് അല്‍ മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടറും ദേരയിലെ റാഷിദ് ഇബ്‌നു ദല്‍മൂഖ് പള്ളിയിലെ ഖത്തീബുമായ മൗലവി അബ്ദുസ്സലാം മോങ്ങം അഭിപ്രായപ്പെട്ടു. 'ജീവനെടുക്കുന്ന പലിശക്കെണികള്‍' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പലിശ കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതൊരു വലിയ കെണിയാണെന്ന് നാം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ വായ്പ എടുത്ത പലരും ഇന്ന് തീരാദുരിതത്തിലായ അവസ്ഥയിലാണുള്ളത്.
പലിശയും കച്ചവടവും ഒന്നുതന്നെയാണെന്ന് പ്രവാചകന്റെ കാലത്തെ ശത്രുക്കള്‍ വാദിച്ചപ്പോള്‍, അവ രണ്ടുമൊരിക്കലും ഒന്നല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും പലിശയെ പൂര്‍ണ്ണമായും നിരോധിക്കുകയുമാണ് ഇസ്ലാം ചെയ്തത്. കച്ചവടം എപ്പോഴും നഷ്ടസാധ്യതയുള്ള ഒന്നാണ്; എന്നാല്‍ പലിശ യാതൊരുവിധ നഷ്ടസാധ്യതയുമില്ലാത്ത ക്രയവിക്രയവുമാണ്. ഒരാള്‍ പലിശയ്ക്ക് കടമെടുത്ത് ബിസിനസ് തുടങ്ങി നഷ്ടം സംഭവിച്ചാല്‍, ആ കച്ചവടക്കാരന്‍ മാത്രം പ്രതിസന്ധിയിലാവുകയും പലിശ നല്‍കിയയാള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത സാഹചര്യവുമാണുള്ളത്. പലിശ കാരണം സാമ്രാജ്യത്വ ശക്തികളും നാട്ടിലെ ചുരുക്കം ചില ആളുകളും കൂടുതല്‍ സമ്പന്നരാകുന്നു എന്നല്ലാതെ സമൂഹത്തിന് മൊത്തത്തില്‍ യാതൊരു വളര്‍ച്ചയുമുണ്ടാകുന്നില്ല. എന്നാല്‍ ഒരു സമ്പന്നന്‍ കച്ചവടത്തിനായി പണമിറക്കുമ്പോള്‍ അയാള്‍ക്ക് മാത്രമല്ല, സമൂഹത്തിലെ നിരവധി ആളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തില്‍ ഒരു പണക്കാരന്‍ ബിസിനസ് ചെയ്യുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്.
പലിശയില്ലാതെ കടം കൊടുക്കുന്നതിന് ഇസ്ലാം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഇങ്ങനെ കടം വാങ്ങിയ വ്യക്തി പ്രയാസമനുഭവിക്കുമ്പോള്‍ തിരിച്ചടവിന് സമയം നീട്ടി നല്‍കുന്നത് ദാനധര്‍മ്മം ചെയ്യുന്നതിനേക്കാള്‍ പുണ്യകരമായ കാര്യമാണ്. ഇതില്‍ നിന്നൊക്കെ മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ നിന്ന് എങ്ങനെ ലാഭമുണ്ടാക്കാം എന്ന് ചിന്തിക്കാതെ, അവരെ എങ്ങനെ സഹായിക്കാം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം.
ഖുര്‍ആനില്‍ പലിശയെപ്പോലെ ഇത്രയും ഗൗരവത്തോടെ പ്രതിപാദിച്ച വേറൊരു വിഷയമില്ല. അമുസ്ലിംകളായ സാമ്പത്തിക വിദഗ്ധര്‍ പോലും ഇതൊരു നല്ല രീതിയല്ലെന്ന് അഭിപ്രായപ്പെട്ടിട്ടും, ചില മുസ്ലിം പണ്ഡിതന്മാര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പലിശ അനുവദനീയമാക്കാന്‍ ശ്രമിക്കുന്നത് ഏറെ ഖേദകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൗഫല്‍ കരുവാരക്കുണ്ട് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.