ടെഹ്‌റാന്‍: തെക്കന്‍ ഇറാനിലെ തീരദേശ മേഖലകളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിരിക്, മിനാബ്, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
സിരിക്, മിനാബ് കൗണ്ടി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ പലയിടത്തായി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഔദ്യോഗിക റേഡിയോ ആന്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ ഐ.ആര്‍.ഐ.ബി സ്ഥിരീകരിച്ചു. സിറികിലെ ചില ഭാഗങ്ങളില്‍ 'ശത്രുതയോടെയുള്ള മിസൈലുകളോ പ്രൊജക്‌റ്റൈലുകളോ' പതിച്ചതായി ഐ.ആര്‍.എന്‍.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സമുദ്രഭാഗത്ത് നിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ബുധനാഴ്ച ജാസ്‌ക് നഗരത്തിന്റെ തെക്കന്‍ മേഖലകളിലും സമാനമായ രീതിയില്‍ സ്‌ഫോടന ശബ്ദം കേട്ടിരുന്നു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത നയതന്ത്ര തര്‍ക്കങ്ങള്‍ക്കും പരസ്പര ആരോപണങ്ങള്‍ക്കും ഇടയിലാണ് ഈ സംഭവം.
അതേസമയം, വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിന് 'ഉടനടി' പരിഹാരമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. വാഷിംഗ്ടണില്‍ ഭരണമാറ്റം ഉണ്ടായാല്‍ ആണവായുധ നീക്കങ്ങളുമായി മുന്നോട്ട് പോകാമെന്ന പ്രതീക്ഷയിലാണ് ടെഹ്‌റാനെന്നും, അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും ടെക്‌സാസിലെ ഡാള്ളസിലേക്ക് തിരിക്കും മുന്‍പ് ട്രംപ് ആരോപിച്ചു.
Related News