റിയാദ്: ലവ് ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബും ഖുര്‍ആന്‍ ലവേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്, തിരഞ്ഞെടുത്ത വിഷയം കൊണ്ട് ഏറെ ശ്രദ്ധേയമാകുന്നു. 62 മത്സരാര്‍ത്ഥികളാണ് ഈ പ്രസംഗ മത്സരത്തില്‍ മാറ്റുരക്കുന്നത്. മുഹമ്മദ് നബി (സ) വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് തിരഞ്ഞെടുത്ത ഈ വിഷയം എന്തുകൊണ്ടും വളരെ ഉചിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സുബൈര്‍ പീടിയേക്കല്‍ അഭിപ്രായപ്പെട്ടു.
അഞ്ച് മിനിറ്റ് മുതല്‍ ആറ് മിനിറ്റ് വരെയാണ് ഈ പ്രസംഗത്തിന് അനുവദിച്ചിരിക്കുന്ന സമയം. വീഡിയോ ക്ലിപ്പുകളായി അയച്ചുകിട്ടിയ പ്രസംഗങ്ങള്‍, 23 ഗ്രൂപ്പുകളുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ 11-ാം തീയതി രാവിലെ 10 മണി മുതല്‍ പോസ്റ്റ് ചെയ്തുതുടങ്ങി. മൂന്നു ദിവസങ്ങളിലായിട്ടായിരിക്കും ഈ വീഡിയോകള്‍ കമ്മ്യൂണിറ്റി ഗ്രൂപ്പിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഓരോ പ്രസംഗവും ആറ് മിനിറ്റ് വീതമുള്ളതുകൊണ്ട്, ഇവയെല്ലാം കണ്ട് വിലയിരുത്തി മാര്‍ക്കിടുക എന്നത് ജഡ്ജിങ് പാനലിലുള്ളവര്‍ക്ക് ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. ക്ലബ്ബിലെ പഠിതാക്കള്‍ തന്നെയാണ് ഇതിന്റെ ജഡ്ജിങ് പാനലില്‍ ഉള്ളത്. പ്രസംഗ കലയുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള പരിശീലനങ്ങളും ഈ ക്ലബ്ബില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്.
ഇവന്റ് ചെയര്‍മാന്‍ ഫജ്‌നാ മറിയം അധ്യക്ഷത വഹിച്ച ഈ പ്രോഗ്രാമിന്, ഗ്ലോബല്‍ ഡയറക്ടര്‍ ലൈല വണ്ടൂര്‍ ആശംസകള്‍ നേര്‍ന്നു. ഡിവിഷനല്‍ ഡയറക്ടര്‍ ആഷിക് മഞ്ചേരി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Related News