ജിദ്ദ: റിപ്പോര്‍ട്ടര്‍ ടി.വിയുടെ വാര്‍ത്താമുറിയില്‍ പൊലീസ് നടത്തിയ പരിശോധനയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഔദ്യോഗികവും സ്വകാര്യവുമായ ഫോണുകള്‍ പിടിച്ചുവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പറഞ്ഞു.
നിയമാനുസൃത അന്വേഷണങ്ങള്‍ നടത്താനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ വാര്‍ത്താമുറിയില്‍ പ്രവേശിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും വാര്‍ത്താ സംപ്രേഷണത്തെ ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതും മാധ്യമപ്രവര്‍ത്തകരില്‍ ഭീതിയുണ്ടാക്കുന്നതും അംഗീകരിക്കാനാവില്ല.
മാധ്യമ സ്ഥാപനത്തിനെതിരെയുള്ള കേസുമായി നേരിട്ട് ബന്ധമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ ആശയവിനിമയ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതായുള്ള ആരോപണം ഗൗരവമായി പരിശോധിക്കപ്പെടണം. ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന നടപടികള്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ കടന്നുകയറ്റമാണ്. അന്വേഷണ നടപടികള്‍ സുതാര്യവും നിയമാനുസൃതവും മാധ്യമസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായിരിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അറിയിച്ചു.
Related News