മക്ക: വിശുദ്ധ മക്കയെ ലക്ഷ്യമിട്ട് ഹൂതി മില്ലീഷ്യ നടത്തിയ ആക്രമണ ശ്രമങ്ങളെ മക്കയിലെയും മദീനയിലെയും ഇമാമുകള്‍ ശക്തമായി അപലപിച്ചു. ഇരു ഹറമുകള്‍ക്ക് നേരേയുള്ള ഇത്തരം ആക്രമണങ്ങള്‍ മതപരവും മാനുഷികവുമായ മൂല്യങ്ങളുടെ നഗ്‌നമായ ലംഘനവും ''ഗുരുതരമായ കുറ്റകൃത്യവുമാണെന്ന്'' വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബയില്‍ ഇമാമുകള്‍ പറഞ്ഞു.
വിശുദ്ധ സ്ഥലങ്ങളുടെ സുരക്ഷയും നിരപരാധികളുടെ ജീവനും ''ചുവപ്പ് വര'' ആണെന്ന് മസ്ജിദുല്‍ ഹറാം ഇമാം ശൈഖ് ബന്ദര്‍ ബലീല ജുമുഅ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. മുസ്ലീങ്ങളെ ഭയപ്പെടുത്താനും അവരുടെ ഏറ്റവും വിശുദ്ധമായ കേന്ദ്രങ്ങളെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹറമിന്റെ പവിത്രതയെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
''അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തെയും പ്രവാചകന്റെ പള്ളിയെയും ലക്ഷ്യമിടാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഇസ്ലാമിന്റെ പ്രബോധനങ്ങളുമായി യാതൊരു ബന്ധവുമില്ല'' എന്ന് ശൈഖ് ബന്ദര്‍ ബലീല പറഞ്ഞു. വിനാശകരമായ നടപടികള്‍ക്ക് മതപരമായ മുദ്രാവാക്യങ്ങള്‍ മറയാക്കുകയാണ് ഹൂതികള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഈ ആക്രമണങ്ങള്‍ രണ്ട് ഹറമുകളുടെയും നാടിനെ കൂടുതല്‍ ശക്തമാക്കുകയേ ഉള്ളൂ. ഇതിലെ ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഐക്യം കൂടുതല്‍ ദൃഢമാക്കാന്‍ ഇത് കാരണമാകും'' എന്ന് അദ്ദേഹം വ്യക്തമാക്കി.
മദീനയിലെ മസ്ജിബുന്നബവിയില്‍ നടന്ന പ്രഭാഷണത്തില്‍ ഇമാം ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഖാസിം സമാനമായ നിലപാട് വ്യക്തമാക്കി. മുസ്ലീങ്ങളുടെ രക്തം ചിന്തുന്നതിനെയും സമാധാനത്തോടെ ജീവിക്കുന്നവരെ ഭയപ്പെടുത്തുന്നതിനെയും ന്യായീകരിക്കുന്ന ഭീകരവാദ രീതിയാണ് ഹൂതി ആക്രമണങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വൈകീട്ട് മക്കയുടെ നിരോധിത വ്യോമപരിധിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ്, മക്കയ്ക്ക് തെക്ക് ഭാഗത്തായി ഹൂതികളുടെ ഒരു ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തിരുന്നു. സെപ്റ്റംബര്‍ 15-ന് വൈകീട്ട് 6:50-നാണ് ഡ്രോണ്‍ തടഞ്ഞതെന്ന് യെമനിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു. 2017 ജൂലൈയിലെ ബാലസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമത്തിന് ശേഷം ഹൂതികള്‍ മക്കയ്ക്ക് നേരെ നടത്തുന്ന രണ്ടാമത്തെ ആക്രമണ ശ്രമമാണിതെന്ന് സഖ്യസേന വെളിപ്പെടുത്തി
Related News