മലപ്പുറം: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) സംഘടിപ്പിക്കുന്ന സുസ്ഥിരതയ്ക്കായുള്ള ആശയ-പരിഹാര മത്സരത്തിനായി ഇര്‍ഫാന തെസ്നി സൗദിയിലേക്ക് പുറപ്പെടുന്നു. ടി.സി.എസ് സൗദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന 'സസ്‌റ്റൈനത്തോണ്‍' മത്സരത്തിലേക്കാണ് മലപ്പുറം ജില്ലയിലെ താനാളൂര്‍ സ്വദേശിനിയായ കെ.ടി. ഇര്‍ഫാന തെസ്‌നിയുടെ പ്രോജക്ടിന് അര്‍ഹത ലഭിച്ചത്. സുസ്ഥിരതാ കേന്ദ്രീകൃതമായ നവീന ആശയ മത്സരമാണ് ടി.സി.എസ് സസ്‌റ്റൈനത്തോണ്‍.
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര കൃഷി, ജലസംരക്ഷണം, ഭക്ഷ്യനഷ്ടം കുറയ്ക്കല്‍ തുടങ്ങിയ യഥാര്‍ത്ഥ ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് എ.ഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രായോഗികവും പുതുമയുള്ളതുമായ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ഒരു പ്രശ്‌നം തിരഞ്ഞെടുക്കുകയും അതിനെക്കുറിച്ച് പഠനം നടത്തി പ്രശ്‌നപരിഹാരത്തിനായി ഏറ്റവും നൂതനമായ ആശയം വികസിപ്പിക്കുകയും ചെയ്യുന്നു. റിയാദിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് സ്റ്റുഡന്റ് റിസര്‍ച്ചറായ കെ.ടി. ഇര്‍ഫാന തെസ്നി തന്റെ പ്രോജക്ട് അവതരിപ്പിക്കുന്നതിനായി ഈ മാസം അവസാനത്തോടെ സൗദിയിലേക്ക് തിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും യുവ ഗവേഷകര്‍ക്കും നവീന ആശയങ്ങള്‍ അവതരിപ്പിക്കാനും സംഘമായി പ്രവര്‍ത്തിക്കാനും യഥാര്‍ത്ഥ സാമൂഹികവും പരിസ്ഥിതിപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള കഴിവ് പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഒരു മികച്ച അവസരമാണിത്. അഞ്ഞൂറിലധികം ടീമുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് ടീമുകളില്‍ ഒന്നാണ് ഇര്‍ഫാനയുടെ നേതൃത്വത്തിലുള്ള പ്രോജക്ട്. മലപ്പുറം ജില്ലയിലെ താനാളൂര്‍ കരുവാന്‍തൊടി ഇസ്മായില്‍ മാസ്റ്ററുടെയും ഖദീജ ടീച്ചറുടെയും മകളാണ് ഇര്‍ഫാന തെസ്നി. പൊന്‍മുണ്ടം ഇട്ടിലാക്കല്‍ കൂളിയാട്ടില്‍ റിസ്വാന്‍ അഹ്‌മദാണ് ഭര്‍ത്താവ്.
Related News