റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളില്‍ വ്യോമ, നാവിക, കരസേനാ പ്രകടനങ്ങള്‍ അരങ്ങേറുമെന്ന് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി (GEA) അറിയിച്ചു. ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ജിദ്ദയില്‍ ആരംഭിച്ച എയര്‍ഷോ ഞായറാഴ്ച (സെപ്റ്റംബര്‍ 20) വരെ തുടരും. റോയല്‍ സൗദി എയര്‍ഫോഴ്‌സ്, സൗദി ഫാല്‍ക്കണ്‍സ് എയ്‌റോബാറ്റിക് ടീം എന്നിവയ്‌ക്കൊപ്പം സൗദിയയുടെ ബോയിങ് 787-9, ഫ്‌ലൈനഡിന്റെ എയര്‍ബസ് എ320നിയോ എന്നീ വിമാനങ്ങളും ജിദ്ദ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്. റിയാദില്‍ പ്രധാന ദേശീയദിന പരിപാടികള്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരംഭിക്കും. ഇത് സൗദി ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് തന്നെ പൊതുജനങ്ങള്‍ക്കായി ഗേറ്റുകള്‍ തുറന്നുകൊടുക്കും.
മല്‍ഹാമിലെ പരിസ്ഥിതി മേഖലയില്‍ റോയല്‍ ഗാര്‍ഡ്, നാഷണല്‍ ഗാര്‍ഡ്, റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ്, ബോര്‍ഡര്‍ ഗാര്‍ഡ്, ഏവിയേഷന്‍ ക്ലബ് എന്നിവയുടെ പ്രത്യേക പവലിയനുകളും പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. ജിദ്ദയിലെ ചെങ്കടല്‍ തീരത്ത് റോയല്‍ സൗദി നേവല്‍ ഫോഴ്‌സിന്റെ നാവിക പ്രകടനങ്ങളും നടക്കും. ജിദ്ദയിലെ റോഷന്‍ വാട്ടര്‍ഫ്രണ്ട്, യാമ്പു കോര്‍ണിഷ് എന്നിവിടങ്ങളില്‍ ബോര്‍ഡര്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കര-നാവിക പരേഡുകള്‍ അരങ്ങേറും.
അബഹ ആര്‍ട്ട് സ്ട്രീറ്റില്‍ വാഹന പരേഡുകളും മാര്‍ച്ചുകളും നടക്കുമ്പോള്‍, അല്‍-ബിര്‍ക്കില്‍ മാര്‍ച്ചും ബോര്‍ഡര്‍ ഗാര്‍ഡ് ബോട്ടുകളുടെ നാവിക പ്രദര്‍ശനവുമാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലും ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ വൈകുന്നേരം 4:30-ന് അല്‍-ഖോബാര്‍ വാട്ടര്‍ഫ്രണ്ടില്‍ സൈനിക വിമാനങ്ങളുടെ എയര്‍ഷോ നടക്കും. ഇതില്‍ അലൗല ഏവിയേഷന്‍ ആദ്യമായി പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ദേശീയദിനമായ സെപ്റ്റംബര്‍ 23-ന് രാത്രി 9 മണിക്ക് റിയാദ്, അല്‍-ഖോബാര്‍, മദീന, ജിദ്ദ, ഹായില്‍, അറാര്‍, അല്‍-ബഹ, തബൂക്ക്, ബുറൈദ എന്നീ ഒമ്പത് നഗരങ്ങളില്‍ വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Related News