ലണ്ടന്‍: ഇറാന്റെ കാര്യത്തില്‍ താന്‍ ഇപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടത്തിലാണെന്നും 'വളരെ വലിയ സംഭവങ്ങള്‍' ഉടന്‍ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസ് മാധ്യമപ്രവര്‍ത്തകനായ ട്രേ യീങ്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ പെരുമാറ്റം ശരിയാക്കണമെന്നും, എന്നാല്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ മുന്നില്‍ ഇപ്പോള്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും രാജ്യത്തെ പൂര്‍ണ്ണമായി തകര്‍ക്കുക, സാമ്പത്തികമായി വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുക അല്ലെങ്കില്‍ ഒരു കരാറിലെത്തുക എന്നിവയാണവ എന്നും ട്രംപ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 'എന്റെ ചോദ്യം ഇതാണ്, എപ്പോഴാണ് ഞാന്‍ ഈ രാജ്യത്തെ മുഴുവന്‍ തകര്‍ക്കേണ്ടി വരുന്നത്? അവര്‍ നന്നായി പെരുമാറുന്നതാണ് നല്ലത്,' പ്രസിഡന്റ് പറഞ്ഞു.
ഈ ആഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയന്‍, യു.എസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയോട് താന്‍ 'അനുഭാവപൂര്‍ണ്ണമായ നിലപാടായിരിക്കും' സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാഷിങ്ടണും ഇസ്രായേലും ടെഹ്റാനില്‍ ആക്രമണം നടത്തി ഏകദേശം ഏഴ് മാസം പിന്നിടുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നത്. അതേസമയം, മിഡില്‍ ഈസ്റ്റ് യുദ്ധകാലയളവില്‍ ഇറാന്‍ ഉപരോധിക്കാന്‍ ശ്രമിച്ച തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള തങ്ങളുടെ ഉപാധികള്‍ മധ്യസ്ഥര്‍ വഴി വാഷിങ്ടണിനെ അറിയിച്ചതായി ഇറാനിയന്‍ ഉന്നത ചര്‍ച്ചാകാരന്‍ മുഹമ്മദ് ഘാലിബാഫ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ, വാതകം, ചരക്ക് നീക്കം എന്നിവ കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.
Related News