ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ ചന്ദൗസി കോടതി നല്‍കിയ ഉത്തരവിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മസ്ജിദ് കമ്മിറ്റി, ഹിന്ദു ഹര്‍ജിക്കാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്നിവരുടെ വാദം കോടതി കേട്ടു. വിധി ഏറെ പ്രാധാന്യമുള്ളതാണ്. സംഭല്‍ മസ്ജിദ് കേസില്‍ മാത്രമല്ല, ആരാധനാലയങ്ങളുടെ 1947ലെ മതസ്വഭാവം സംരക്ഷിക്കുക, ചരിത്രപരമായ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി സര്‍വേ ആവശ്യപ്പെടാനുള്ള പരിധി, 1991ലെ ആരാധനാലയ നിയമത്തിന്റെ പ്രയോഗം തുടങ്ങിയ വിഷയങ്ങളിലും കൂടുതല്‍ വ്യക്തത ലഭിക്കാനിടയുണ്ട്.
മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ശ്രീ ഹരിഹര ക്ഷേത്രം ഉണ്ടായിരുന്നുവെന്ന വാദവും അതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ ഉത്തരവിട്ട നടപടിക്രമവും ചോദ്യം ചെയ്താണ് കേസ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് സംഭലിലെ ഷാഹി മസ്ജിദ്. ബാബറിന്റെ ഭരണകാലത്ത് 1526ല്‍ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥനായ മിര്‍ ഹിന്ദു ബേഗ് മസ്ജിദ് നിര്‍മിച്ചതായാണ് ചരിത്രരേഖകളില്‍ പറയുന്നത്. ബാബറിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന പുരാതന മസ്ജിദുകളില്‍ ഒന്നാണിത്.
1878ല്‍ തന്നെ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയിരുന്നു. മൊറാദാബാദ് കോടതിയിലും തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതിയിലും അപ്പീല്‍ എത്തിയെങ്കിലും 1878ല്‍ ചീഫ് ജസ്റ്റിസ് സര്‍ റോബര്‍ട്ട് സ്റ്റുവര്‍ട്ട് അത് തള്ളുകയായിരുന്നു. പിന്നീട് 2024 നവംബര്‍ 19നാണ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം വീണ്ടും കോടതിയിലെത്തുന്നത്. സംഭലിലെ കല്‍ക്കി ദേവി ക്ഷേത്രത്തിലെ മഹന്ത് റിഷിരാജ് ഗിരിയുടെ ഇടപെടലിനെ തുടര്‍ന്ന് അഭിഭാഷകന്‍ ഹരി ശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ ചന്ദൗസി കോടതിയില്‍ ഹര്‍ജി നല്‍കി. മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് ഭഗവാന്‍ വിഷ്ണുവിന്റെ കല്‍ക്കി അവതാരവുമായി ബന്ധപ്പെട്ടതാണെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടു.
ഹര്‍ജി പരിഗണിച്ച കോടതി അതേ ദിവസം തന്നെ അഡ്വക്കറ്റ് കമ്മിഷണറെ നിയോഗിച്ച് സര്‍വേ നടത്താന്‍ ഉത്തരവിട്ടു. ആദ്യ സര്‍വേ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടന്നു. തുടര്‍ന്ന് നവംബര്‍ 24ന് നടന്ന രണ്ടാമത്തെ സര്‍വേയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കല്ലേറും അക്രമവും ഉള്‍പ്പെട്ട സംഭവങ്ങളില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മസ്ജിദ് കമ്മിറ്റി സര്‍വേ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 1947 ഓഗസ്റ്റ് 15ലെ ആരാധനാലയങ്ങളുടെ മതസ്വഭാവം ഇനി മാറ്റാനാവില്ലെന്ന 1991ലെ ആരാധനാലയ നിയമമാണ് മസ്ജിദ് കമ്മിറ്റി ഉന്നയിച്ചത്. ഹര്‍ജി ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഹിന്ദു പക്ഷം വാദിക്കുന്നത്.
Related News