ആല്‍പ്‌സ് മലനിരകളുടെ നിഴലില്‍, നീല നിറമുള്ള ഒരു തടാകത്തിന്റെ തീരത്ത് ഇറ്റലി ഏറ്റവും മനോഹരമായൊരു ചിത്രം വരച്ചുവെച്ചിട്ടുണ്ട്; അതാണ് കോമോ എന്ന നഗരം. വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രകൃതിയുടെ സൗന്ദര്യം കൊണ്ട് മാത്രമല്ല, നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രവും സംസ്‌കാരവും കൊണ്ടും ശ്രദ്ധേയമാണ്. നഗരത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വതനിരകളും അവയ്ക്കിടയിലൂടെ നീണ്ടുകിടക്കുന്ന കോമോ തടാകവും, തടാകത്തിന്റെ തീരത്തെ പുരാതന കെട്ടിടങ്ങളും ഇടുങ്ങിയ തെരുവുകളുമെല്ലാം ചേര്‍ന്നതാണ് കോമോ എന്ന നഗരത്തിന്റെ സ്വഭാവം രൂപപ്പെടുത്തുന്നത്. റോമന്‍ കാലഘട്ടം മുതല്‍ തന്നെ പ്രാധാന്യമുണ്ടായിരുന്ന കോമോ പിന്നീട് യൂറോപ്പിലെ വ്യാപാരത്തിന്റെയും പട്ട് വ്യവസായത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നു.
ഇതിനുപുറമെ 'കോമോ 1907' എന്ന ക്ലബ്ബിലൂടെ ഫുട്‌ബോളിന്റെ ത്രസിപ്പിക്കുന്നൊരു കഥയും പറയാനുണ്ട് ഈ നഗരത്തിന്. 1907 മെയ് മാസത്തില്‍ നഗരത്തിലെ ചില ഫുട്‌ബോള്‍ പ്രേമികള്‍ ചേര്‍ന്നാണ് കോമോ ക്ലബ്ബ് രൂപീകരിക്കുന്നത്. 1928 മുതല്‍ കോമോ തടാകത്തിന്റെ തീരത്തുള്ള ഗ്യൂസെപ്പെ സിനിഗാഗ്ലിയ സ്റ്റേഡിയത്തിലാണ് ഈ ക്ലബ്ബ് തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിച്ച് തുടങ്ങിയത്. 1949-50 സീസണിലാണ് കോമോ ആദ്യമായി ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഉന്നത ലീഗായ സീരി എയില്‍ പന്ത് തട്ടിത്തുടങ്ങിയത്. ആ സീസണില്‍ ലീഗില്‍ ആറാം സ്ഥാനം നേടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും, പിന്നീട് പതിറ്റാണ്ടുകളോളം സീരി എയിലും രണ്ടാം ഡിവിഷനായ സീരി ബിയിലും മാറിമാറി കളിക്കുന്ന ഒരു സാധാരണ ക്ലബ്ബായി അവര്‍ തുടര്‍ന്നു. 1970 കളുടെ മധ്യത്തില്‍ ഇറ്റാലിയന്‍ താരം പിയെട്രോ വിയര്‍ഖോവുഡ് ഉള്‍പ്പെടെയുള്ളവരുടെ കരുത്തില്‍ കോമോ ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളും തുടര്‍ച്ചയായ പരാജയങ്ങളും കാരണം പിന്നീട് ഈ ക്ലബ്ബിന് ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ മുഖ്യധാരയില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. 2000-ല്‍, പുതിയ നൂറ്റാണ്ടിന്റെ ആവേശത്തോടെ കോമോ ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഉന്നത വേദിയിലേക്ക് വീണ്ടും തിരിച്ചെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ച്ചയായ പരാജയങ്ങളും തരംതാഴ്ത്തലുകളും ക്ലബ്ബിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലെത്തിച്ചു. ഒപ്പം സാമ്പത്തിക പ്രതിസന്ധികളും കടക്കെണിയും കാരണം ക്ലബ്ബിനെ പാപ്പരായി പ്രഖ്യാപിച്ചു. അതോടെ ഇറ്റാലിയന്‍ ആഭ്യന്തര ഫുട്‌ബോളിന്റെ ഏറ്റവും താഴ്ന്ന പതിപ്പായ സീരി ഡിയിലേക്ക് കോമോ തരംതാഴ്ത്തപ്പെട്ടു. ആ കാലത്ത് ഇറ്റാലിയന്‍ സംരംഭകനായ എന്റിക്കോ പ്രെസിയോസി ആയിരുന്നു ക്ലബ്ബിന്റെ ഉടമ. പിന്നീട് ഒന്നര പതിറ്റാണ്ടോളം ക്ലബ്ബ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അവസ്ഥയില്‍ താഴെക്കിടയില്‍ തന്നെ തുടര്‍ന്നു.
എന്നാല്‍ 2019 മുതല്‍ ക്ലബ്ബിന്റെ തലവര മാറിത്തുടങ്ങി. ഇന്തോനേഷ്യന്‍ കോടീശ്വരന്മാരായ ഹാര്‍ട്ടോനോ സഹോദരന്മാര്‍ ചേര്‍ന്ന് കോമോയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. പുതിയ ഉടമകളുടെ ലക്ഷ്യം ക്ലബ്ബിനെ താല്‍ക്കാലികമായി നിലനിര്‍ത്തുക എന്നതായിരുന്നില്ല; തകര്‍ന്നുപോയൊരു സ്ഥാപനത്തെ അടിത്തട്ടില്‍ നിന്ന് പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു. ക്ലബ്ബിന്റെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങള്‍ക്ക് ഒരു കോര്‍പ്പറേറ്റ് ഘടന ഒരുക്കുന്നതായിരുന്നു ആദ്യമാറ്റം. തുടര്‍ന്ന് പരിശീലന സൗകര്യങ്ങള്‍ക്കും ക്ലബ്ബിന്റെ യൂത്ത് അക്കാദമിക്കും പ്രാധാന്യം നല്‍കി. ഒപ്പം കോമോയുടെ ഹോം ഗ്രൗണ്ടായ ഗ്യൂസെപ്പെ സിനിഗാഗ്ലിയ സ്റ്റേഡിയം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.
2019 വരെ സീരി ഡിയില്‍ തന്നെയായിരുന്നു കോമോ കളിച്ചിരുന്നത്. ആ കാലത്ത് വലിയ താരമേല്‍വിലാസമില്ലാത്ത അലസാന്ദ്രോ ഗബ്രിയേലോണി, ലൂക്കാ മിറക്കോളി, അലസിയോ അയോവിന്‍ തുടങ്ങിയവരായിരുന്നു ആ ക്ലബ്ബിലെ പ്രധാന താരങ്ങള്‍. എങ്കിലും കഠിനാധ്വാനത്തിലൂടെ കോമോ സീരി സിയിലേക്ക് യോഗ്യത നേടി. പുതിയ ഉടമകളുടെ സാമ്പത്തിക കരുത്തും ആസൂത്രണ മികവും ക്ലബ്ബിന് വലിയ ഉണര്‍വ് പകര്‍ന്നു. മുന്‍ ചെല്‍സി താരം ഡെന്നീസ് വൈസ് ക്ലബ്ബിന്റെ അഡ്മിനിസ്‌ട്രേഷന്‍ ചുമതല ഏറ്റെടുത്തതോടെ മികച്ച പ്രകടനം നടത്തിയ ക്ലബ്ബ് സീരി ബിയിലേക്ക് പ്രൊമോഷന്‍ നേടി.
2022-ല്‍ സ്പാനിഷ് സൂപ്പര്‍താരം സെസ്‌ക് ഫാബ്രിഗാസ് ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയില്‍ നിന്ന് കോമോയിലെത്തി. ഒരു കളിക്കാരന്‍ എന്നതിലുപരി ഓഹരികള്‍ വാങ്ങിയ സഹ ഉടമ കൂടിയായിട്ടായിരുന്നു ഫാബ്രിഗാസിന്റെ വരവ്. രണ്ടാം ഡിവിഷനായ സീരി ബിയില്‍ 17 മത്സരങ്ങള്‍ കളിച്ച ഫാബ്രിഗാസ് 2023-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. അതോടെ ക്ലബ്ബിന്റെ പ്രധാന പരിശീലകനായി അദ്ദേഹം ചുമതലയേറ്റു. അതൊരു വഴിത്തിരിവായിരുന്നു!
കളിക്കളത്തിലെ ഇതിഹാസമായ ഫാബ്രിഗാസ് കോമോയുടെ പരിശീലകനായതോടെ ഫുട്‌ബോള്‍ ലോകം ആ ക്ലബ്ബിനെ ശ്രദ്ധിച്ചു തുടങ്ങി. യൂറോപ്യന്‍ ഫുട്‌ബോളിലെ തന്റെ അനുഭവസമ്പത്ത് അദ്ദേഹം കോമോയുടെ യുവനിരയിലേക്ക് പകര്‍ന്നുനല്‍കി. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ പരമ്പരാഗത പ്രതിരോധ ശൈലിക്ക് പകരം ആക്രമണാത്മകവും മനോഹരവുമായ തനത് കളിശൈലി ഫാബ്രിഗാസ് ടീമില്‍ നടപ്പാക്കി. അതിന്റെ ഫലമായിരുന്നു നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2024-ല്‍ കോമോ സീരി എയിലേക്ക് നേടിയ ചരിത്രപരമായ തിരിച്ചുവരവ്.
പിന്നീട് അന്താരാഷ്ട്ര ഫുട്‌ബോളിലെ പല സൂപ്പര്‍താരങ്ങളും കോമോയുടെ ഭാഗമായി. ഫ്രഞ്ച് താരം റാഫേല്‍ വരാനെ, സ്പാനിഷ് താരങ്ങളായ ആല്‍വാരോ മൊറാട്ട, ആല്‍ബര്‍ട്ടോ മൊറേനോ, അര്‍ജന്റീനയുടെ പുത്തന്‍ താരോദയമായ നിക്കോ പാസ്, മാക്‌സിമോ പെറോണ്‍ തുടങ്ങിയവരൊക്കെ അവരില്‍ ചിലരാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2025-26 സീസണില്‍ സീരി എയില്‍ പന്ത് തട്ടിയ കോമോ നാലാം സ്ഥാനം നേടി ഞെട്ടിച്ചു. ജുവന്റസ്, റോമ, ലാസിയോ, ഫിയോറെന്റീന, ടൊറീനോ തുടങ്ങിയ വമ്പന്‍ ടീമുകളൊക്കെ ഫാബ്രിഗാസിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വീണു.
കഴിഞ്ഞ സീസണിലെ ആ നാലാം സ്ഥാനം വഴിതുറന്നത് ആ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയിലേക്കാണ്. 2026-27 ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ വെച്ച് ജര്‍മ്മന്‍ കരുത്തരായ ആര്‍ബി ലൈപ്‌സിഗിനെ 4-1 നാണ് കോമോ പരാജയപ്പെടുത്തിയത്. നിലവില്‍ സീരി എയില്‍ മികച്ച പ്രകടനം തുടരുന്ന ഈ ക്ലബ്ബ് ഇറ്റാലിയന്‍ ആഭ്യന്തര ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഇനിയും വലിയ അത്ഭുതങ്ങള്‍ തീര്‍ക്കുമെന്നാണ് ആരാധകരും പുതിയ മാനേജ്‌മെന്റും കരുതുന്നത്.