തിരുവനന്തപുരം: മാസപ്പടി-ഹവാല ഇടപാട് ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍), എക്സാലോജിക് സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് നടപടി. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം അഴിമതി നിരോധന നിയമം ചുമത്തി കേസെടുത്ത് അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ നീക്കം.
പിണറായി വിജയന്റെ മകള്‍ ടി. വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ എടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഹൈകോടതി തടയിട്ടത്.
ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തില്‍ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. കേസെടുക്കുന്നതിന് മുമ്പ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള ഡി.ജി.പിയുടെ ഉത്തരവും കോടതി റദ്ദാക്കി. ആവശ്യമായ പ്രാഥമിക വസ്തുതകള്‍ മുന്നിലുണ്ടെന്ന സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിലപാട്.
ഹൈകോടതി ഉത്തരവ് വിജിലന്‍സ് ആസ്ഥാനത്ത് ലഭിച്ചതിനെത്തുടര്‍ന്ന് നിയമോപദേശം തേടുകയും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം. നേരത്തേ ്രൈകംബ്രാഞ്ച് ശേഖരിച്ച രേഖകളും ബന്ധപ്പെട്ട വിവരങ്ങളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിചേര്‍ക്കപ്പെടുന്നവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയും അന്വേഷണസംഘം കണക്കിലെടുക്കുന്നതായാണ് വിവരം.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സിന് സി.എം.ആര്‍.എല്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് മാസപ്പടി വിവാദത്തിന്റെ അടിസ്ഥാനം. സേവനങ്ങള്‍ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പണം കൈമാറിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് അനധികൃതമായി പണം നല്‍കിയെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ആരോപണമുണ്ട്. ഇ.ഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യമാണ് കോടതിയിലെത്തിയത്.
Related News